Saturday, November 21, 2009

ഒക്ടോബര്‍ 20: ഞങ്ങളുടെ അടുത്ത ഫ്ലാറ്റിലെ ബബ്ബി എന്ന കുസൃതി കുട്ടിയുടെ ബെര്‍ത്ത്‌ ഡേ പാര്‍ട്ടിക്കിടയില്‍ വന്ന ഒരു ഫോണ്‍ കാള്‍ ..അറ്റന്‍ഡ് ചെയ്തപ്പോള്‍ അങ്ങേത്തലക്കല്‍ ഒരു ഫാമിലി ഫ്രണ്ട് .പ്രത്യേക അഭിമുഖം ഒന്നും ഇല്ലാതെ ഉള്ള അവരുടെ വാക്കുകള്‍ എന്നെ കളിപ്പിക്കാനെന്നാണ് കരുതിയത്‌ "സിനിമയില്‍ മുഖം കാണിക്കണോ?"തമാശ പറയാന്‍ കണ്ട നേരം എന്ന് പറഞ്ഞു തള്ളിയെങ്കിലും വിശദ വിവരങ്ങള്‍ പിന്നീടാണ് അറിഞ്ഞത് . എഷ്യനെറ്റിലൂടെ സംപ്രേഷണം ചെയ്ത സ്വാമി അയ്യപ്പനെന്ന സീരിയലില്‍ അയ്യപ്പനായി വന്നു കാണികളെ ഭക്തി പരവശനാക്കിയ കൌഷിക് എന്ന യുവ നടനെ വെച്ച് അനശ്വര പ്രൊഡക്ഷന്‍ നിര്‍മിക്കുന്ന സ്വാമി മണികണ്ഠന്‍ എന്ന സിനിമയുടെ ഷൂട്ടിംഗ് ഹൈദരാബാദിലെ പോച്ചമ്പിള്ളി ഗ്രാമത്തിലായിരുന്നു നടന്നിരുന്നത് .
ചില രംഗങ്ങള്‍ ഇവിടത്തെ പ്രശസ്തമായ ഫിലിം സിറ്റിയിലും ചെയ്തിരുന്നു .തെലുഗ് ,മലയാളം, തമിള്‍ എന്നി ഭാഷകളില്‍ നിര്‍മിക്കുന്ന ഈ ചിത്രം നിര്‍മിക്കുന്നത് വിജീഷ് മണിയാണ് .തെലുഗിലെ സിനുകള്‍ സംവിധാനം ചെയ്തത് തെലുഗ് സംവിധായകന്‍ ശിവയാണ്.
പാടുസിനുകള്‍ സംവിധാനം ചെയ്തത് ബാലനടനായി വന്നു യുവനടനായി പ്രശസ്തനായ മലയാളത്തിലെ വിനീത് ആണ് .തെലുഗു സിനിമാരംഗത്തെ സായികിരന്‍, സുമന്‍ ,ശര്‍മ ,ബാലതാരം അതുലിത് ,ലക്ഷ്മിശര്‍മ(പളിങ്കു ഫെയിം )എന്നിവരോടൊപ്പം മലയാളത്തിലെ കലാഭവന്‍ മണി, ബിജുകുട്ടന്‍ എന്നിപ്രശസ്തരും അഭിനയിക്കുന്നുണ്ട് .സിനിമയുടെ പ്രധാന ഭാഗങ്ങള്‍ ഷൂട്ട്‌ ചെയ്തത് പോച്ചമ്പിള്ളി ഗ്രാമത്തിലെ പഴയ അമ്പലത്തിലും പരിസരത്തുള്ള വയലേലകളിലും ,ഗ്രാമത്തിലെ ചില വീടുകളിലും ആയിരുന്നു

പോച്ചംബിള്ളി ഗ്രാമം :
പച്ചവയലേലകളും തലയെടുപ്പൊടെനില്ക്കുന്ന പനകളും ചെറിയ തടാകങളും ഉള്ള ശാലിന സുന്ദരമായ ഗ്രാമം .ആന്ധ്ര പ്രദേശിന്റെ തലസ്ഥാനനഗരിയായ ഹൈദരാബാദില്‍ നിന്നും 50 കിലോമീറ്റര്‍ ദൂരെയുള്ള ഈ ഗ്രാമം പടുസാരി വ്യസയത്തിനു പ്രശസ്തി കേട്ടതാണ് .തനതായ രീതിയില്‍ തറിയില്‍ നെയ്തെടുക്കുന്ന പട്ടുസാരികള്‍ക്കൊപ്പം ഇവിടുത്തെ നെയ്തുകെന്ദ്രങ്ങള്‍ സന്ദര്‍ശകര്‍ക്ക് കൌതുകം ഉണര്‍ത്തുന്ന കാഴ്ചയാണ്.ഇവിടത്തെ വെറെ ഒരു വിശേഷപെട്ടകാര്യം വിശാലമായ തടാകത്തിനു തീരെ സ്ഥിതിചെയ്യുന്ന വിനോഭ ഭാവെയുടെ ആശ്രമമാണ്


മൂന്നു ഭാഷകളില്‍ നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ കുറച്ചു മലയാളികളുടെ സാന്നിധ്യം വേണമെന്നു പറഞ്ഞപ്രകാരമാണ് ഞങ്ങള്‍ കുറച്ചു സ്ത്രീകളും കുട്ടികളും അടങ്ങിയ ഒരു ഗ്രൂപ്പിന് പോകാന്‍ അവസരം ഉണ്ടായതു്‌.അവിടത്തെ ഗ്രാമവാസികളും സന്നിഹിതരായിരുന്നു .സിനിമയിലെ അഭിനയത്തോടു ഒട്ടൂം തല്പര്യം ഇല്ലാത്തവരായിരുന്നു മിക്കവരും എങ്കിലും അയ്യപ്പസ്വമിയുടെ ഫിലിം എന്നു കേട്ടപ്പൊള്‍എല്ലവര്ക്കും സന്തോഷമായി .സിറ്റിയില്‍ നിന്നും 45 കിലൊമീറ്റര്‍ ദൂരെയുള്ള ഗ്രാമത്തിലേക്കുള്ള സ്ത്രീകളും കുട്ടികളും അടങ്ങിയ ഞങ്ങളുടെ യാത്ര ഒരു വിനോദയാത്രയുടെ ആനന്ദംനല്‍കി. അതുവരെ പരിചയം ഇല്ലാത്തവരും ഞങ്ങള്‍കൊപ്പം ഉണ്ടായിരുന്നു .പതിവഴിയിലെ ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി മാറി .
തമാശ പറഞ്ഞും ചിരിച്ചും പാടിയും തകര്‍ത്ത കുട്ടികള്‍കൊപ്പം അമ്മമാരും കൂടി .യാത്രയുടെ അവസാനം ഗ്രാമത്തിലെ ഷൂട്ടിംഗ് നടക്കുന്ന സെറ്റില്‍ എത്തിയപ്പോള്‍ എല്ലാവരുടെയും മുഖത്ത് ഒരു തരം ആകാംഷയായിരുന്നു .പച്ചപട്ടുടുത്ത പോച്ചമ്പിള്ളി ഗ്രാമം എനിക്കൊരു സുന്ദരിയെ പോലെ തോന്നി .നമ്മുടെ നാടിന്റെ ഒരു കുളിര്‍മ മനസിനെ മെല്ലെ തഴുകി ഉണര്‍ത്തി.


വെള്ളിത്തിരയുടെ അണിയറയിലെ ബുദ്ധിമുട്ടുകളും കഷ്ടപാടുകളും നേരിട്ട് കണ്ടറിഞ്ഞു. ഗാനരംഗങ്ങള്‍ സംവിധാനം ചെയ്ത വിനീത് പേരുപോലെത്തന്നെ വിനീതമായിട്ടാണ് എല്ലാവരോടും പെരുമാറിയത്.പ്രധാനപെട്ട വേഷങ്ങള്‍ അല്ലെങ്കിലും കാമറയുടെ മുന്‍പില്‍ നിന്നുവെന്ന ചെറിയ അഹംങ്കാരം എല്ലാവരുടെയും മുഖത്തുണ്ടായിരുന്നു .ഇടവിടതെയുള്ള വീടില്‍നിന്നുള്ള കാളുകള്‍ക്കു നര്‍മ രസത്തില്‍ മറുപടി കൊടുക്കുന്ന ചിലരുടെ സംസാരങ്ങള്‍ എല്ലാവര്ക്കും ചിരിക്കാന്‍ ഇട നല്‍കി."ഇനി എന്നെയൊന്നും വീടിലേക്ക്‌ പ്രതീഷിക്കേണ്ട ഷൂട്ടിംഗ് കഴിഞ്ഞു പിക്ചര്‍ റിലീസ് ചെയ്തിട്ടേ അങ്ങോടൂള്ളൂ "എന്ന തല മൂത്ത ചേച്ചിയുടെ ഫോണിലൂടെയുള്ള സംസാരം കേട്ട് ചിലര്‍ കളിയാക്കി ..".എന്റെ പോന്നു ചേച്ചി ഹീറോയിന്‍ ലക്ഷ്മിശര്‍മ്മക്കില്ല ഇത്ര സ്റ്റൈല്‍ "....... ശെരിയായിരുന്നു... ജന്മം കൊണ്ട് ആന്ധ്രാകാരിയായ അവര്‍ നന്നായി മലയാളം സംസാരിക്കുന്നുണ്ടായിരുന്നു . നാടിനെ പറ്റിയും മലയാളം സിനിമയെ കുറിച്ചും വളരെ സന്തോഷപൂര്‍വ്വം ഞങ്ങളോട് സംസാരിച്ചു. .കുറേനേരത്തെ കാത്തിരിപ്പിന് ശേഷം ഷൂട്ടിംഗ് തുടങ്ങിയപ്പോള്‍ അതുവരെ ഉഷാറായി ഇരുന്ന ചേച്ചി തളര്‍ന്നിരിപ്പായി ..അപ്പോള്‍ അതാ വരുന്നു വിനീതിന്റെ കമന്റ്‌ "എന്തുപറ്റി നേതാവിന്..... തളര്‍ന്നുപോയോ ?" വീണ്ടും ഒരു കൂട്ടച്ചിരി .രണ്ടു ദിവസം കടന്നു പോയത് അറിഞ്ഞതേയില്ല .


അതിനിടയില്‍ സിനിമക്ക് വേണ്ടിയുള്ള പ്രധാനപെട്ട ഒരു ഷോട്ട് എടുത്തത്‌ ഗ്രാമത്തില്‍ നമ്മുടെ നാടന്‍രീതിയില്‍ പണിതിട്ടുള്ള ഒരു അയ്യപ്പന്‍റെ അമ്പലത്തില്‍ ആയിരുന്നു . ഒരുപാടുനെരത്തെ ശ്രമത്തിനു ശേഷമാണ് കണ്ണിനും മനസിനും കുളിര്‍മയുള്ള ആ മനോഹരമായ സെറ്റ് തയ്യാര്‍ ചെയ്തത്. ദീപാലങ്കാരത്താല്‍ അമ്പലം വര്ലെ മനോഹരമായി കണ്ടു പക്ഷെ ഷൂട്ടിംഗ് തുടങ്ങിയതും അതുവരെയില്ലാത്ത ഒരു മഴ പെയ്യാന്‍ തുടങ്ങി .സെറ്റെല്ലാം വെള്ളത്തിലായി ഷൂട്ടിംഗ് മുടങ്ങി .എല്ലാവര്ക്കും ഒന്നേ പറയാനെ ഉണ്ടായിരുന്നുള്ളൂ ."ഭഗവാന് ഇതൊന്നും ഇഷ്ടം ആയില്ലേ എന്തോ "ഒരുപക്ഷെ ശരിയായിരിക്കാം .അവര്‍ വീണ്ടും ശ്രമിച്ചെങ്കിലും അവിടെ ഷൂട്ട്‌ ചെയ്യാന്‍ സാധിച്ചില്ല .


അഞ്ചാറ് ദിവസങ്ങള്‍ കടന്നുപോയത് അറിഞ്ഞേയില്ല... ഷൂട്ടിംങ്ങിനെക്കള്‍ എനിക്ക് മറക്കാന്‍ പറ്റാത്തത് ഞങ്ങളുടെ ഗ്രൂപ്പിന്റെ സൌഹൃധം ആയിരുന്നു . യാത്രക്കിടയിലെ രസകരമായ സംഭവങ്ങള്‍ ആയിരുന്നു..സ്നേഹമായിരുന്നു... അവസാന ദിവസത്തെ ഷൂട്ടിംഗ് കഴിഞ്ഞു പോരുമ്പോള്‍ എല്ലാവരും മൂകം ആയിരുന്നു . പതിവുണ്ടായിരുന്ന കുട്ടികളുടെ അടിപൊളി പാട്ടും അമ്മമാരുടെ പഴയ പാട്ടുകളും കൂടിയുള്ള അന്തഃക്ഷരി ഇല്ലായിരുന്നു . അതിവേഗം ഓടികൊണ്ടിരുന്ന വണ്ടിയുടെ വിന്റൊവിലൂടെ നോക്കിയപ്പോള്‍ പാടശേഖരം ഇരുള്‍ മൂടാന്‍ തുടങ്ങ്ങിയിരുന്നു .നാളെ മുതല്‍ ഈ സൌഹൃദ യാത്ര ഉണ്ടാകില്ലല്ലോ എന്നാ ഓര്‍മ ഒരു വേദനയോടെ ഓര്‍ത്തു ,കണ്ണുകള്‍ മൂടി .. സീറ്റിലേക്ക് ചാരിയിരിക്കവേ ആ സുന്ദരിയായ ഗ്രാമം ഞങ്ങളില്‍ നിന്ന് അങ്ങലേക്ക് ഓടിയകലുകയായിരുന്നു.........
ശേഷം സ്ക്രീനില്‍.........

Wednesday, October 14, 2009

വളപ്പൊട്ടുകള്‍
അരയാലിലകള്‍ അഷ്ടപദി പാടും
അമ്പലപറമ്പിലെ നടയിലന്നു നീ
ആദ്യമായി ചൊല്ലിയതോര്‍മയുണ്ടോ
അഴകേ ! നിന്‍ പ്രണയത്തിന്‍താളമല്ലെ
അരയാലിലകള്‍ ഉതിര്‍ത്തതെന്നു........


അകലെ നിന്നെത്തിയ പുതുമഴയില്‍
അറിയാതെ നമ്മള്‍ നനഞ്ഞനേരം
അരികത്തിരുന്നു നീ ചൊല്ലിയല്ലോ
അകതാരിലാണല്ലൊ ആ മഴ പെയ്തതെന്നു!
അഴകേ നിന്‍ പ്രണയമഴയായിരുന്നെന്നു.......


അകലെ സായംസന്ധ്യ ചായുംന്നേരം
അംബരം ചുംബിച്ച നിറങ്ങള്‍ നോക്കി
അന്നെന്‍ കാതില്‍ ചൊല്ലിയല്ലോ ?
ആ വര്‍ണരേണുക്കള്‍ പടര്‍ന്നതെന്‍ നെഞ്ചിലെന്നു
അതുനിന്‍ പ്രണയത്തിന്‍ നിറങളെന്നു


ഒടുവിലൊരു യാത്രമൊഴിയുടെ നോവുമായി
ഒരുനാളില്‍ നീയണഞന്നേരം
ഓമനിച്ചെന്നെ അരികില്‍ ചേര്‍ത്തു
ഓര്‍മ്മകള്‍ ഓരോന്നായി അയവിറക്കി
ഓരോനിമിഷവും ഇഴഞ്ഞുനീങ്ങി.......


പിരിയുന്ന ന്നേരം തകര്‍ന്നൊരെന്‍
തരിവളതുണ്ടുകള്‍ നോക്കിമെല്ലേ
മൊഴിഞില്ലെ നീ എന്‍ പ്രിയതമനെ
ഉടഞ്ഞത് നിന്റെയാ വളകളല്ല ഇതുവരെ
പ്രണയം നിറഞ്ഞ നിന്‍
ഹൃദയമെന്ന്....നിന്റെയാ ഹൃദയമെന്നു.........


.....................................................................................
.........

Wednesday, September 23, 2009

വൈകി വന്ന മാവേലി

വാതിലില്‍ തുടര്‍ചെയുള്ള മുട്ടല്‍ കേട്ടാണു്‌ ഞെട്ടിയുണര്‍ന്നത് .ഈ കൊച്ചുവെളുപ്പന്ക്കാലത്ത് സുഖകരമായഉറക്കം നഷ്ടപെടുത്തിയെന്നുള്ള നീരസത്തോടെ വാതില്‍ തുറന്ന എനിക്ക് പുറത്തു നിന്ന ആളുടെ രൂപം അവ്യക്തമായിരുന്നു. എന്നാലും അകത്തുനിന്നും പുറത്തെക്കൊഴുകിയ നേരിയ വെളിച്ചത്തില്‍ കണ്ട രൂപം എന്നെ അലപനേരം സ്തംബിപ്പിച്ചു . ഉറക്കഷീണം വിട്ടുമാറാത്ത കണ്ണുകള്‍ തിരുമ്മി വീണ്ടും നോക്കി.. അല്‍ഭുതപെട്ടു നിന്ന എന്റെ അനുവാദമില്ലാതെ ആ രൂപം അകത്തേക്ക് കയറി .

"ക്ഷമിക്കണം ...അങ്ങ് ?" സ്ഥലകാലബൊധം വീണ്ടെടുത്തു ഞാന്‍ ആരാഞ്ഞു . "കുഞ്ഞേ സംശയിക്കേണ്ട സാക്ഷാല്‍ മാവേലിതന്നെ ...നിങ്ങള്‍ മലയാളീകള്‍ ഓണത്തിന് കാത്തിരിക്കാറുള്ള മാവേലി മന്നന്‍ . ഞാന്‍ വീണ്ടും സംശയകുരുക്കില്‍ പെട്ടു മാവെലി മന്നനൊ ? അങ്ങ് ഇവിടെ ?ഹൈദരാബാദില്‍?


ദേഹം മുഴുവന്‍ കുളിരുകോരിയിട്ട പൊലെ നിന്ന എന്നോട് അദ്ദേഹം മൊഴിഞ്ഞു ഒക്കെ പറയാം .. ദാഹിച്ചിട്ടുവയ്യ അല്പം ദാഹജലം തരൂ ..മകളെ. ഓടിപോയി എടുതുകൊണ്ടുവന്ന ജലം ഒറ്റയടിക്ക് പരവശത്തൊടെ മോന്തിയ മാവേലിയെ ഞാന്‍ അടിമുടി നോക്കികണ്ടു തികച്ചും വിവശനായിരുന്നു അദ്ദേഹം .ചിത്രത്തില്‍ മാത്രം കണ്ട രൂപം പോലെയല്ലായിരുന്നു. .കുടവയറില്ല.....തിളക്കമില്ലാത്ത ഉടയാടകള്‍........ മുടിനരച്ചിറങിയിരിക്കുന്നു ...എന്തിന് പിരിച്ചുവേക്കേണ്ട മീശ അതാ താഴോട്ടിരങ്ങിയിരിക്കുന്നു ..

"അങ്ങേക്ക് വിശക്കുന്നുന്ടല്ലെ ?"വിളറിയ ചിരിയില്‍ അഭിമാനം മറയ്ക്കാന്‍ ശ്രമിച്ചത് കണ്ടു .തുടര്‍ന്ന് ഞാന്‍ വിളമ്പിയ പാലും പഴവും ആര്‍ത്തിയോടെ അകത്താക്കിയ അദ്ദേഹം പറയാന്‍ തുടങ്ങി .ഈ വര്‍ഷം തോറും ഉള്ള ഈ വരവ് മടുത്തു മോളെ ..കേരളം ഇന്നു സമ്പല്‍സമ്രുദ്ധമാണ് .പക്ഷെ ഓണത്തിന്റെ പരിശുദ്ധിയൊക്കെ നഷ്ടപെട്ടു..... മഝര മാണീന്നു മുഴുവനും വില്പനകളുടെയും ,മേളകളുടെയും.

പിന്നെ നേരമ്പോകിനു വേണ്ടിയുള്ള ഓണത്തല്ലാനെങ്കില്‍ പകയുടെയും വിദ്വേഷത്തിന്റെയും ആയിത്തീര്‍ന്നു .ഒരു ഓണപട്ടുകെള്‍ക്കാം എന്നുവെച്ചാല്‍ എവിടെ ഒക്കെ റീമിക്സ് അല്ലെ ?...എന്തിന് മുക്കിലും മൂലയ‌ിലും എന്റെ അപരന്മാര്‍ ..എന്നെ ആരും തിരിച്ചറിയുന്നില്ല .എല്ലാം കണ്ടുമടുത്തപ്പൊള്‍ ഓണം അന്യനാട്ടിലും ഉണ്ടല്ലോ എന്ന് കരുതി വന്നതാ . "അതുനന്നായി മഹാരാജന്‍ ഓണമൊക്കെ കഴിഞ്ഞെങ്കിലും എവിടെ ഓണപരിപടികള്‍ തകൃതിയായി നടക്കുന്നു ."

"മനസിലായി മനസിലായി ... ഓണാഘോഷത്തിന്റെ തിരക്കില്‍ നിന്നും വരുന്ന വഴിയാ .പടപേടിച്ച്‌ പന്തളത്തു ചെന്നപ്പോള്‍ അവിടെ പന്തം കൊളുതിപട എന്ന കണക്കായി .അവിടത്തെ ശബ്ദകൊലഹലത്തില്‍ ചെവിരണ്ടും അടഞ്ഞുപോയി . ഒരു നാക്കുമുക്കു എന്ന പട്ടിനൊടൊപ്പം തുള്ളിയ യുവാക്കള്‍ എന്നെ കസേരയടക്കം തട്ടിമറചിട്ടു ..."ദെ കണ്ടോ എന്റെ ഓലകുട കീറിപോയി .. കൈയ്യിലെ തൊലി‌രഞ്ഞുപോയി .പിന്നെ പരിപാടിയുടെ തുടക്കത്തില്‍ എന്റെ വേഷഭൂഷാദികളൊടെ വന്നു സ്വാഗതം പറഞ്ഞ ആള്‍ വേദിയുടെ മുന്നില്‍ ഞെളിഞ്ഞിരിക്കുന്നതുകണ്ടു .എന്താ അയാളുടെ അടുത്തുള്ള ടീവിക്കാരുടെ തിരക്ക് . ഒരു പാടു നേരത്തിനു ശേഷം വിശക്കാന്‍ തുടങ്ങിയപ്പോള്‍ വിഭവസമൃദ്ധമായ സദ്യയുടെ പന്തിയിലെക്കു നടന്നു .അവിടത്തെ കാഴ്ച വിചിത്രമായിരുന്നു തിക്കും തിരക്കും ...അവിടെയും മാറിനില്ക്കേന്ടിവന്നു വന്നു . കുറെ നേരത്തെ കാത്തിരിപ്പിനുശേഷം വിഭവസമൃദ്ധമായ സദ്യയുടെ അടിയും പൊടിയും കിട്ടി .അവിടെയും ആരും എന്നെ തിരിച്ചറിഞ്ഞില്ല ഏതോ ഒരു പ്രഛന്നവേഷക്കാരനെന്നു വിചാരിച്ചുകാണും .പിന്നീട് അവിടെ നിന്നും ഓടിരക്ഷപെടുകയയിരുന്നു ."എന്തുപറ്റി...ഞാന്‍ ചോദിച്ചു " ഈ പരിപാടിയുടെ ചിലവോക്കെ നോക്കണവരെ എന്താ പറയാ ..."ഓ സ്പോണ്‍സര്‍മാരോ " ആ അത് തന്നെ....... റിയല്‍ എസ്റ്റേറ്റ്‌ കാരു്‌. അവരെന്നെ ഒരു സ്ഥലം പിടിപ്പിക്കാന്‍ നോക്കി ...ഇനി ജീവിതത്തില്‍ ഒരു സ്ഥലമിടപാടൊ ... വേണ്ടേ വേണ്ട ഇതുപോലെയൊരു സ്ഥലമിടപാടാനല്ലൊ ഞാനിന്നു പാതാളത്തില്‍ പോയി കിടക്കാന്‍ കാരണം ..ഓര്‍ത്തപ്പോള്‍ പേടി തോന്നി ഓടി രക്ഷപെടുകയായിരുന്നു . ഒരു നെടുവീര്‍പ്പൊടേ അദ്ദേഹം തുടര്‍ന്ന് എന്നാലും എന്തെ എന്നെ ആരും തിരിച്ചറിഞ്ഞില്ല ...ആ മിഴികള്‍ നനയുന്നത് ഞാന്‍ കണ്ടു .
ഒപ്പം ആ വാക്കുകളും കേട്ടു കാലം മാറീ കോലം മാറീ ..ആളുകളുടെമനസുമാറീ നല്ല ചിന്തകള്‍ ഇല്ലാതെയായി എല്ലാ തെറ്റുകളും സമൃദ്ധമായി ശെരിയാണെന്ന് പറഞ്ഞു ചെയ്തുകൂട്ടുന്നു ..എന്നിട്ട് സ്വയം ന്യയികരിക്കുന്നു
ഇതിനൊരു അന്ത്യമുണ്ടോ???? എന്റെ ആ സുവര്‍ണക്കാലം തിരിച്ചുവരുമോ?....

അല്‍പനേരം മൌനം പാലിച്ച അദ്ദേഹം പറഞ്ഞു ........ഒരുപാടു നന്ദിയുണ്ട് .. ..... പിന്നീട് ആ വിറയാര്‍ന്ന വിരലുകളാല്‍ സ്നേഹത്തോടെ കവിളില്‍ തലോടിയപ്പോള്‍ എന്റെ മിഴികളും നിറഞ്ഞൊഴുകി ..തുടര്‍ന്ന് ആ രൂപം ഇരുട്ടിലെക്കിറങ്ങി നടന്നു . അദ്ദേഹം ദൂരെ എത്തിയെങ്കിലും ആ തലോടല്‍ തുടരുന്നപൊലെതോന്നി ..മിഴികള്‍ വലിച്ചുതുറന്നു നോക്കുമ്പോള്‍ ഒരു കുറുകലിന്റെ അകമ്പടിയോടെ എന്റെ സുന്ദരിപൂച്ച ... മുഖത്തിന്നരികില്‍ .

"അപ്പോള്‍ മാവേലിയെവിടെ ?... എന്റെ ചോദ്യം കേട്ടെത്തിയ ഭര്‍ത്താവു്‌ മുന്നില്‍ "അപ്പോള്‍ ഇന്നലെ ചന്ദ്രേട്ടന്‍ വന്നത് നീ അറിഞ്ഞോ? പനിപിടിച്ചുകിടന്ന നിന്നെ കാണാന്‍ പരിപാടി മുഴുവന്‍ ആകാന്‍ നിലക്ക്തെ വേഗം പോരുകയായിരുന്നു .ഇന്നലെ മാവേലിയുടെ വേഷത്തില്‍ ചന്ദ്രേട്ടന്‍ കലക്കി കേട്ടോ ..വേഷം കൂടിമാറാതെയാണു്‌ ഇങോട്ടൂ പോന്നത് ....ഏതായാലും നീ എണീക്കണ്ടാ പനി മാറിയിട്ടില്ല ..കിടന്നോളൂ " .മണിയന്‍ പൂച്ചയെ അരികിലേക്ക് ചേര്ത്തു ഞാന്‍ വേണ്ടും മയക്കത്തിലേക്ക് വീഴുമ്പോള്‍ മനസില്‍ വീണ്ടും ആ രൂപം വൈകി വന്ന ആ മാവേലിയുടെ ദയനീയ രൂപം .................

Wednesday, August 19, 2009

നിഴല്‍

വിരഹദുഃഖ ചിതയിലെരിഞ്ഞൊരെന്‍
വ്രണിതമോഹങള്‍ ക്കെന്തു മൂല്യം
വിലയേറുമതിനസ്ഥി നുറുങുകള്‍
വിജനതയിലലിയുന്നു ധൂളികളായി

പടിയിറങുമാ നിഴലില്‍ മീതെയിടറി
പതിഞ്ഞൊരെന്‍ തേങ്ങലുകള്‍
പറയുമെന്നാശിച വാക്കുകള്‍ക്കായ്
പടിപ്പുര വാതിലില്‍ കാത്തിരുന്നു

പതറുമെന്‍ ഗാത്രത്തെ താങ്ങുവാനായി
പവിത്രമാം കണ്ണീര്‍ തുടയ്ക്കുവാനായി
പടരുമായിരുട്ടില്‍ ചുഴിഞ്ഞു നോക്കി
പിന്തിരിഞ്ഞുവരും നിന്‍ നിഴലിനായി

പ്രഹേളീകയിലേകയായ്....................
പ്രഹേളീകയിലേകയായ്...........

Wednesday, July 29, 2009

രാജന്‍..പി ദേവ്‌ അന്തരിച്ചു


കൊച്ചി: വ്യത്യസ്‌തമായ അഭിനയശൈലികൊണ്ട്‌ ജനപ്രീതി നേടിയ നടന്‍ രാജന്‍.പി ദേവ്‌(58) അന്തരിച്ചു. ബുധനാഴ്‌ച പുലര്‍ച്ചെ കൊച്ചിയിലെ സ്വകാര്യ ആസ്‌പത്രിയിലായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന്‌ കുറച്ചുകാലമായി ചികിത്സയിലായിരുന്നു. ശാന്തമ്മയാണ്‌ ഭാര്യ. മക്കള്‍: ആഷമ്മ, ജിബിള്‍ രാജ്‌. മൃതദേഹം ഉച്ചയ്‌ക്ക്‌ ശേഷം രണ്ട്‌ മണിമുതല്‍ നാല്‌ മണിവരെ എറണാകുളം ടൗണ്‍ഹാളില്‍ പ്രദര്‍ശനത്തിന്‌ വെയ്‌ക്കും. സംസ്‌കാരം നാളെ ഉച്ചയ്‌ക്ക്‌ ശേഷം അങ്കമാലി കറുകുറ്റിയില്‍ നടക്കും.
എന്‍.എന്‍. പിള്ളയുടേയും എസ്‌.എല്‍.പുരത്തിന്റെയും നാടകങ്ങളിലൂടെ അഭിനയരംഗത്ത്‌ തിളങ്ങിയ രാജന്‍.പി 'ഇന്ദ്രജാലം' എന്ന സിനിമയിലെ കാര്‍ലോസ്‌ എന്ന വില്ലന്‍ കഥാപാത്രത്തിലൂടെയാണ്‌ സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്നത്‌. 1983 ല്‍ ഫാസിലിന്റെ എന്റെ 'മാമാട്ടിക്കുട്ടിയമ്മയാണ്‌' ചേര്‍ത്തല സ്വദേശിയായ രാജന്‍.പി യുടെ ആദ്യ സിനിമ.
വില്ലന്‍ വേഷങ്ങള്‍ക്കൊപ്പം ഹാസ്യവേഷങ്ങളിലും ഒരു പോലെ തിളങ്ങി. രണ്ട്‌ തവണ മികച്ച നാടക നടനുള്ള സംസ്ഥാന അവാര്‍ഡ്‌ ലഭിച്ചിട്ടുണ്ട്‌. കാട്ടുകുതിര എന്ന നാടകത്തിലെ കൊച്ചുവാവ എന്ന കഥാപാത്രമാണ്‌ അദ്ദേഹത്തിന്‌ ജനമനസ്സുകളില്‍ ഇടം നല്‍കിയത്‌..
മലയാളത്തിന്‌ പുറമേ തമിഴ്‌, തെലുങ്ക്‌, കന്നഡ ഭാഷകളില്‍ അഭിനയിച്ചു. 150 ലേറെ സിനിമകളില്‍ വേഷമിട്ട രാജന്‍.പി അവസാനമായി അഭിനയിച്ചത്‌ 'പട്ടണത്തില്‍ ഭൂതം' എന്ന സിനിമയിലായിരുന്നു. റിലീസ്‌ ചെയ്യാനിരിക്കുന്ന 'റിങ്‌ടോണ്‍' എന്ന സിനിമയിലും ശ്രദ്ധേയ വേഷം ചെയ്‌തിരുന്നു 'അച്ചാമ്മക്കുട്ടിയുടെ അച്ഛന്‍',മണിയറക്കള്ളന്‍(പുറത്തിറങ്ങിയില്ല) 'അച്ഛന്റെ കൊച്ചുമോള്‍ക്ക്‌' എന്നീ മൂന്നു സിനിമകളും അദ്ദേഹം സംവിധാനം ചെയ്‌തിട്ടുണ്ട്‌.
വില്ലന്‍ വേഷങ്ങള്‍ക്കൊപ്പം ഹാസ്യപ്രധാനമായ വേഷങ്ങളിലും തിളങ്ങിയ രാജന്‍.പി ദേവിന്‌ ജൂബിലി തിയേറ്റേഴ്‌സ്‌ എന്ന പേരില്‍ നാടകട്രൂപ്പുണ്ട്

Friday, July 24, 2009

ഓര്‍മയിലെ ദുഃഖമഴമഴ എനിക്ക് പ്രിയം ...ഉള്ളതാണെങ്കിലും .കള്ളകര്‍കിടത്തിലെ ....
കറുത്തിരുണ്ട മഴയെ എനിക്ക് വെറുപ്പാണ് ...ഭയമാണ്
അതിന്റെ ഓര്‍മ ..........എന്നും പിന്തുടരുന്നു ഒരു വേദനയാണ് ....
അന്ന് .......ഒരു പാടു നാളുകള്‍ക്ക് .മുന്‍പ്‌ ...പുറത്തു തകര്‍ത്ത്‌ പെയ്യുന്നകറുത്ത മഴ ..അകത്തു അമ്മയുടെ ...കരച്ചില്‍ ...ഒപ്പം ..ബന്ധുക്കളുടെയും ....നോക്കുമ്പോള്‍ അച്ഛന്‍ ഉറങ്ങുകയായിരുന്നു ...ശാന്തമായി
തലക്കല്‍ വിളക്ക് വെച്ചത് എന്തിനാണെന്ന് മനസിലായില്ല ..വെള്ള മുണ്ട് മുഖം മൂടി പുതച്ചതും
അവസാനം ഏതോ ഒരു നിമിഷത്തില്‍ ഉറങ്ങികൊണ്ടിരുന്ന അച്ഛനെ എടുത്തു കൊണ്ടു പോയപ്പോള്‍ സങ്കടം വന്നു ... അച്ചന്‍ മിണ്ടാതെ പോയല്ലോ എന്നോര്‍ത്ത് ...ഒരുപാടു കരഞ്ഞു.....പിന്നെ എല്ലാം ഒരു സ്വപനം പോലെ തോന്നി .
* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *
നാളുകള്‍ നീങ്ങി ..മഴ അല്പം മാറി നിന്നു .മുറ്റത്ത്‌ നിറയെ പൂക്കള്‍ വിരിഞ്ഞു.. ഓണപൂക്കള്‍ ..തൊടിയില്‍ മുക്കുറ്റി ..പൂ പറിക്കാന്‍ പോവുന്ന കൂട്ടുക്കാരോടൊപ്പം ..ഇറങ്ങിയപ്പോള്‍ അമ്മ വിലക്കി "വേണ്ട ഉണ്ണി പോവണ്ട "നമുക്കു പൂക്കളം ഇടണ്ടേ ?..എന്ന ചോദ്യത്തിനു അമ്മ മറുപടി പറഞ്ഞില്ല .അതിന് മുന്‍പേ എന്റെ അടുത്ത ചോദ്യം "ന്റെ അച്ഛന്‍ എന്തെ ..വരാതെ ?....അമ്മ നിറഞ കണ്ണൂകള്‍ കാണിക്കാതെ പറഞ്ഞു .."ഉണ്ണിമോള്‍ക്ക്‌.. ഉടുപ്പ് വാങ്ങാന്‍ പോയതല്ലേ ഓണത്തിന്നു ".........തുള്ളിചാടിപോയി .സന്തോഷം കൊണ്ടു ..പിന്നെ കൊളാമ്പിപൂക്കള്‍...പൂത്തുനില്‍ക്കുന്ന വെലിക്കരുകില്‍ ചെന്നു നിന്നു
ദൂരെ .....പാടവരമ്പിലുടെ.. ഉടുപ്പും പലഹാരവും കൊണ്ടുവരുന്ന എന്റെ പൊന്നച്ചന്റെ വരവും നോക്കി നിന്നു ഞാനെന്ന ഉണ്ണിമോള്‍ .എനിക്ക് അറിയില്ലയിരുന്നുവല്ലോ അച്ഛന്‍ വരില്ല എന്ന് .ഓര്‍ക്കുമ്പോള്‍ ഇന്നും മനസ്സില്‍ മഴക്കാരുകള്‍ ഉരുണ്ടു കൂടാറുണ്ട് .....ആ വേദന .....പെയ്തൊഴിയാനായി...

Wednesday, July 8, 2009

മഴത്തുള്ളികള്‍


മഴ....
അത് എന്നും ഒരു അനുഭവമാണ്.......
മധ്യ വേനലിന്റെ കൊടും ചൂടു ഏറി വരുമ്പോള്‍എല്ലാ മനസുകളും ഒരു പുതുമഴയുടെ വരവിനായി
കൊതിക്കുന്നു ....ഒരു വേഴാമ്പലിനെപൊലെ...


പുതുമഴ....അതിന്റെ സുഗന്ധം എന്നും മറക്കാനാവത്ത താണെന്നു എല്ലവര്ക്കും അറിയാം .ആ ചാറ്റല്‍ മഴ ഒരു കനത്ത മഴയാകുമ്പോള്‍.....മനസിന്നുള്ളില്‍ പറഞ്ഞറിയിക്കാന്‍ ഒരു സന്തോഷം ..... പിന്നിടത് പെയ്തു പെരുമഴയാകുമ്പൊള്‍ അതുവരെ അതിനെ സ്നേഹിച്ചവര്‍ ശപിക്കും" നശിച്ച മഴ ...ഒന്നു തോര്‍ന്നിരുന്നെങ്കില്‍...എന്ന്

ഞാന്‍ ഇന്ന് ഇങൂ ദൂരെ ഈ മെട്രൊനഗരതിലെ തിരക്കിനു ഉള്ളിലെ ഒരു ഫ്ലാറ്റിലെ ഏകാന്തതയില്‍ ഇരുന്നു ..ആ മഴയെ ഓര്‍ക്കുന്നു ...... ഒപ്പം മനസിന്റെ കോണില്‍ ആ മഴയുടെ കുളിരും പേറിയ എന്റെ ഗ്രാമത്തിന്റെ ചിത്രവും .....ദൂരെ നിന്നു ആരവത്തോടെ പെയ്തുവരുന്ന ആ മഴയുടെ സംഗീതം ...ഇന്നു വെറും ഓര്‍മയില്‍ ....മാത്രമായി അവശേഷിക്കുന്നു
ഇവിടെയും മഴ പെയ്യുന്നു ...വല്ലപ്പോഴും ....
സംഗീതമില്ലാത്ത
സ്നേഹമില്ലാത്ത
പ്രണയമില്ലാത്ത ....
അഹംങ്കാരി ആയ....മഴ...
ഒറ്റപെയ്യലില്‍ ഒരുപാടു വിനകള്‍ വരുത്തി വെച്ചു ഞാനൊന്നും അറിഞ്ഞില്ലേ എന്ന മട്ടില്‍ പോവുന്ന ആ മഴയെ സ്നേഹിക്കാന്‍...ആസ്വദിക്കാന്‍ ...പുണരാന്‍...ആര്‍ക്കാ തോന്നുക?..അല്ലെ?