Tuesday, July 26, 2016

ചില മോഹങ്ങൾ
വസന്ത മായീ വിരിയും
ചില ബന്ധങ്ങൾ
ശിശിരമായി കൊഴിയും
ചില സ്വപ്‌നങ്ങൾ
ഗ്രീഷ്മമായി കരിയും
ചില ദുഖങ്ങൾ
വർഷമായി പെയ്തൊഴിയും .......

Tuesday, December 1, 2015

ഇവൾ വെറുക്കപെട്ടവൾമൌനം പേറി ഇരികുകയാണിന്നിവൾ
മാലിന്യപ്പെട്ടൊരു ഹൃദയവുമായി
മരിച്ചാലും മണ്ണിലടിഞ്ഞു ചേരാത്ത
മാനം വെടിഞ്ഞൊരു ദേഹവുമായി
മരണത്തെ കാത്തൊരു കോണിൽ

മണ്ണിൽ പെണ്ണായി ജന്മം പൂകിയന്നു
മാറിലടക്കി പിടിക്കാൻ പോലുമുതിരാതെ
മാറിനിന്നു ശപിച്ചീ പെണ്ണിൻ ജന്മത്തെ
മൂകയെ പോലിരുന്നു തേങ്ങിയ
മാതവൊഴികെയെല്ലാരും...

മാനസം മയക്കും പൊന്നുപോൽ
മാസ്മരിക പുഞ്ചിരി ഉതിർത്തവൾ
മൊഞ്ചുള്ള കൊഞ്ചലിൽ മൊഴിയുമായി
മാരിവില്ലിൻ അഴകും അണിഞ്ഞവൾ
മാൻ പേടാപെണ്ണായി വളർന്നവൾ

മധുരമാം പ്രണയത്തെ പിന്നീട് അറിഞ്ഞിവൾ
മാദക സൌന്ദര്യം പൂത്തുലഞ്ഞനാൾ
മറക്കുകയിലൊരിക്കലുമെന്നുരഞ്ഞു
മെല്ലെ കവർന്നെടുത്താ ചുടു യൌവനം
മായാവിലോലനാം കള്ള കാമുകൻ

മഞ്ഞിലും മഴയിലും കാത്തു പിന്നീടവൾ
മാനസം കവർന്നു മറഞ്ഞൊരാ തോഴനെ
മനസിൽ ദുഖങ്ങൾ പേറിയാ പെണ്ണിനെ
മാലോകർ പേരിട്ടു ഉന്മാദ മോടെ
മാനംകളഞ്ഞു പിഴച്ചൊരു പെണ്ണെന്നു

മഞ്ഞവെളിച്ചം പൂത്തവഴിയോരത്ത്
മന്യന്മാരോത്ത് വിലപെശിനിന്നവൾ
മഞ്ചലിലെന്തിയ കാമകൊതിയന്മാർ
മദൊന്മത്തരായി ഉല്ലസിച്ചവളുടെ
മാദകത്വം കരിഞ്ഞുണങ്ങും വരെ

മൌനം പേറി ഇരികുകയാണിന്നിവൾ
മാലിന്യപ്പെട്ടൊരു ഹൃദയവുമായി
മരിച്ചാലും മണ്ണിലടിഞ്ഞു ചേരാത്ത
മാനം വെടിഞ്ഞൊരു ദേഹവുമായി
മരണത്തെ കാത്തൊരു കോണിൽ

Monday, October 26, 2015

വെളുക്കാൻ തേച്ചത്നേരം പര പര വെളുക്കുന്നതെ ഉള്ളു .പാർക്കിന്റെ ഓരോ കോണും ആരോഗ്യ തല്പരരെ കൊണ്ട് നിറഞ്ഞു കഴിഞ്ഞു .സിറ്റിയിലെ അറിയപെടുന്ന വീഥികളിൽ ഒന്നിൽ സ്ഥിതി ചെയ്യുന്ന ഈ പാർക്കിൽ വ്യായാമം ചെയ്യുവാൻ എത്തുന്നവരുടെ തിക്കും തിരക്കും ഒഴിഞ്ഞ നേരം ഇല്ല എന്ന് പറയാം .,സമ്മർ ഒഴിവായതിനാൽ കുട്ടി പട്ടാളങ്ങളും ഉണ്ട് .ആളുകളുടെ തിരക്ക് കൊണ്ട് തന്റെ സ്വകാര്യതകൾ നഷ്ടപെടുന്നവിഷമങ്ങൾ ഉള്ളിൽ ഒതുക്കി മേനോൻ സർ പതിവ് വ്യയമങ്ങളിൽ എർപെട്ടു.വ്യായാമത്തിന്റെ ക്ഷീണതാൽ ശരീരം പണി മുടക്കിയാലോ എന്നചിന്തയുണ്ടെങ്കിലും ഈ 68 കാരൻ ആരോഗ്യ ദൃഡ ഗത്രനാണ് എന്ന് ബോധ്യ പെടുത്തുന്ന രീതിയിൽഎന്തെങ്കിലും ഓരോ വ്യായാമ പരാക്രമങ്ങൾ കാണിക്കാറുണ്ട് . കാണിക്കാറുണ്ട് . .ഷൊർറ്റ്സും ലെഗ്ഗിനും ഒകെ ധരിച്ചു എളകിതുള്ളി ജോഗിങ്ങിനു വരുന്ന തരുണീ മണികൾ ഉള്ള അവസരങ്ങളിൽ ആണെന്ന് മാത്രം .പാര്ക്കിന് നടുവിൽ ഉള്ള താമര കുളത്തിനു ചുറ്റും വലം വെച്ച് വര്ണശലഭങ്ങളെ പോലെ ഓടി നടക്കുന്ന അവർ തന്നെയും കൂടി ആണല്ലോ വലം വെക്കുന്നത് എന്ന് ഓർത്തപ്പോൾ മേനോൻ സാറിന്റെ മനസിൽ സന്തോഷപുളകങ്ങളുടെ ലഡ്ഡുകൾ തുടരെ പൊട്ടി .ഇങ്ങിയൊരു അവസരത്തിനും കൂടി ആണല്ലോ താൻ ഈ കുളത്തിന് അരികിൽ ഉള്ള പുൽത്തകിടി നേരത്തെ തന്നെ വന്നു കൈ അടക്കുന്നത് .ജോഗിങ്ങിനു ശേഷം പുൽത്തകിടിയിൽ വിശ്രമിക്കാൻ വന്നിരിക്കുന്ന അവർ തന്നെ നോക്കി എന്തൊകെയോ പറഞ്ഞു ചിരികാറുണ്ട് .സിക്സ് പാക്കും സെവൻ പാക്കും ഒകെ വെറുതെയെങ്കിലും പൊലിപ്പിച്ചു കാണിച്ചു നടക്കുന്ന യുവാക്കളുടെ ഇടയിൽ തന്നെ കാണുമ്പോഴുള്ള അവരുടെ പരിഹാസം സഹിക്കാൻ പറ്റാതെ ആവുമ്പോൾ ,ഈ എക്സ് മിലിടരി കാരൻ ആരാണെന്നു കാണിച്ചു കൊടുതിടു തന്നെയെന്ന ചിന്തയിൽ അറിയാവുന്നതും അറിയാത്തതും ആയ കുറെ വ്യായാമ മുറകളും ആസനങ്ങളും കാണിക്കുംഅവരൊക്കെ തിരിച്ചു പോകുന്നതിനു മുൻപ് .വൈകാതെ ഇനി അതൊകെ ഒന്ന് കാണിക്കട്ടെ എന്ന ധാരണയിൽ ചഞ്ഞും ചെരിഞ്ഞും വളഞ്ഞും ഇന്നത്തെ തന്റെ വീര പരാക്രമങ്ങൾ കാണിക്കാൻ തുടങ്ങിയെ ഉള്ളു ,അതാ ഒരു മിന്നൽ..അങ്ങ് .ആകാശത്ത് ഒന്നും അല്ല സ്വന്തം നട്ടെല്ലിനു തന്നെ ..പാർക്കിൽ അങ്ങിങ്ങുള്ള വെച്ചിടുള്ള സിമെന്റ് പ്രതിമളിൽ ഒന്നായി അല്പം നേരത്തേക്ക് മേനോൻ മാറി.എങ്ങിനെയോകെയോ നടുവ് നീർത്തി സിമെന്റു ബെഞ്ചിൽ ഇരുന്നു നോക്കുമ്പോൾ പുൽത്തകിടിയിൽ ഉണ്ടായിരുന്ന വര്ണ ശലഭങ്ങൾ പറന്നു അകന്നിരുന്നു .പകരം..ഒരായിരം പൊന്നീച്ചകൾ തലക്ക് ചുറ്റും പാറി നടകുന്നപോലെ തോന്
പതിവിനു വിപരീതമായി ഒരു ഓട്ടോയിൽ വന്നിറങ്ങിയ സാറിനെ കണ്ടു വേലക്കാരി മല്ലിക ഗൈറ്റിനു അടുത്തേക്ക് ഓടിവന്നു ."എടി എന്നെ ഒന്ന് പിടിച്ചു ഇറക്ക് " വേദന കടിച്ചിറക്കി അയാൾ പറഞ്ഞു ."ഹോ പയറുമണി പോലെ പോയ ആളാ...ചേമ്പിൻ തണ്ടു പോലെയായല്ലോ "?ഓട്ടോയിൽ നിന്നും ഇറങ്ങാൻ പോലും പ്രയസപെടുന്ന അയാളെ കണ്ടു മല്ലികഅവൾ മനസിൽ പറഞ്ഞു . മല്ലികയുടെ സഹായത്തോടെ ഒരു വിധം അകത്തെത്തി സോഫയിലേക് ചെരിഞ്ഞ മേനോൻ ഭിത്തിയിൽ തൂങ്ങുന്ന ഫോട്ടോയിലെ ഭവാനി അമ്മയുടെ മുഖത്തെ പരിഭവം ശ്രദ്ധിക്കാതിരുന്നില്ല ."ഹോ ഇവളുടെ ഒരു കാര്യം ...മല്ലികയുടെ തോളിൽ കൈയിട്ടു വന്നത് ഇഷ്ടമായില്ലേ ? ഗുരുവായൂരപ്പാ ...ഇവളെന്നെ വിട്ടു പോയിട്ട് എത്രനാളായി ....എന്നിട്ടും തീര്ന്നിലെ ഇവളുടെ പരാതീ?" "അതിനു നിങ്ങൾ നന്നായിട് വേണ്ടേ ?" ഭവാനി അമ്മയുടെ ഇടറിയ സ്വരം അശരീരി യായി തോന്നി .അതൊന്നും വലിയ കാര്യമാക്കതെ തന്റെ പാളി പോയ വ്യായാമ പരീക്ഷണങ്ങളെ കുറിച്ച് ഓർത്തപ്പോൾ മനസിൽ ജാള്യത തോന്നി സ്വയം പറഞ്ഞു "അങ്ങിനെ ഞാൻ തൊട്ടു കൊടുക്കില്ല "ഗദ്ഗദം അല്പം ഉച്ചത്തിൽ ആയോ ?" വേണ്ട തല്കാലം തോല്ക്കേണ്ട ..സാർ ഈ ഫോണ്‍ ഒന്ന് പിടിച്ച്ചാട്ടെ, മോനാണ് "ഫോണിന്റെ അങ്ങേ തലക്കൽ ഡൽഹിയിൽ ഉള്ള മകൻ ...അവിടുന്നു അവന്റെ വാക്കുകളുടെ പെരുമഴ ..."അച്ഛനീ വയസാം കാലത്ത് ഒതുങ്ങി ഇരുന്നാൽ പോരെ ജോഗിങ്ങ് കോപ്പ് എന്നോകെ പറഞ്ഞിറങ്ങും .എന്നിട്ട് ഓരോന്ന് വരുത്തി വെക്കും ...മനുഷ്യരെ മേനകെടുത്താൻ ...."അവൻ എന്തൊകെയോ പറഞ്ഞു ഫോണ്‍ വെച്ചു..ഇവൾ വന്നു കേറിയില്ല അപ്പോഴേക്കും ഭരിക്കാൻ തുടങ്ങിയോ എന്നാ രീതിയിൽ ഉള്ള മേനോൻ സാറിന്റെ നോട്ടത്തിൽ നിന്നും രക്ഷപെട്ടു മല്ലിക അടുക്കളയിലേക്കു നീങ്ങി .നടന്നു നീങ്ങുന്ന മല്ലികയെ നോക്കി മേനോൻ പറഞ്ഞു "വേഗം വെള്ളം ചൂടാക്കി വെക്കു പെണ്ണെ... ആ തൈലവും ചൂടാക്കി വെച്ചേക്കു ...അത് നീ തന്നെ പുറത്തു തേച്ചു തരണം ..കേട്ടോ ..." . "ഹോ ഈ പഞ്ചാര കിളവന്റെ ഒരു കാര്യം വെറുതെയല്ല നടുവ് ഉളിക്കിയത് .അവൾ പിറ് പിറുത്തു . സ്ഥിരമായി വേലക്കാരികൾ രാജിവെച്ചു പോകുന്ന ഈ വീട്ടിൽ മല്ലിക പുതിയ ആളാണ് .തന്റെ പഞ്ചരതരം ഇവളും മനസിലാക്കിയോ എന്തോ ?അനാഥനായ ഈ മനുഷ്യന് ആരെയും സ്നേഹിക്കാൻ അവകാശം ഇല്ലെ ...ദൈവമേ ?ഉള്ളിൽ സ്വയം പറഞ്ഞ കാര്യങ്ങൾ അപ്പോഴേക്കും ഭവാനി അമ്മ കേട്ടുവോ? ഒളികണ്ണിട്ടു നോക്കുമ്പോൾ ചില്ല് ഫ്രൈമിനു ഉള്ളിലെ ഭവാനിയുടെ മുഖം കടന്നൽ കുത്തിയ പോലെ .
മല്ലികയുടെ കൈകൊണ്ടുള്ള എണ്ണ തേപ്പും ചൂടുവെള്ളം ഉഴിച്ചിലും ഒക്കെ കഴിഞ്ഞു ,വളഞ്ഞു കുത്തി നേരെ സോഫയിൽ വന്നിരുന്ന മേനോൻ നാളെ മുതൽ ഈ ചെത്തലൊന്നും നടക്കില്ലെന്നു ഓർത്തു. നെഞ്ചിലെ നരച്ച മുടികൾക്കു ഇടയിലൂടെ വിരലുകൾഓടിച്ചു ആലോചിച്ചു ഇരിക്കവേ ....രുദ്രാക്ഷം കെട്ടിയ തന്റെ 4 പവന്റെ മാലകാണുന്നില്ലല്ലോ ....എന്നറിഞ്ഞു ഉള്ളൊന്നു പിടഞ്ഞു...അയ്യോ ...എണ്ണ തേക്കാൻ നേരം മല്ലികയുടെ കൈയ്യിൽ ഊരികൊടുത്ത ആ മാല അവളെങ്ങാനും അടിച്ചു മാറ്റിയോ ഭഗവാനെ ..?വേദനയൊക്കെ മറന്നു ഒരു മിന്നായം പോലെ ഓടി ബാത്‌റൂമിൽകാലുകുത്തിയ മേനോൻ താഴെ തറയിലെ തൈലത്തിന്റെ വഴുവഴുപ്പിൽ കാൽ തെന്നി അടിതെറ്റിയ ആനയെപോലെ നിലം പൊത്തി ..വേദന കടിച്ചമർത്തി കിടന്ന കിടപ്പിൽ തന്നെ കണ്ടു ..പൈപ്പിൽ അതാ തൂങ്ങീ ആടുന്നു തന്റെ മാല . ബാത്ത് റൂം കഴുകാൻ ചൂലെടുക്കാൻ പോയ മല്ലിക ശബ്ദം കേട്ട് ഓടിയെത്തി .അന്തം കേട്ട് നിന്ന അവളെ നോക്കി അയാൾ തേങ്ങലോടെ പറഞ്ഞു ..." എന്റെ ...മല്ലികെ ഞാനൊരു പരുവത്തിൽ ആയീ ഇനി എന്നെ നേരെ എണ്ണ പാത്തിയിലേക്ക് ഇട്ടാൽ മതി " അയാളുടെ വാക്കുകൾ കേട്ട് അവൾക്കു ഊറി ചിരിക്കാൻ തോന്നിയെങ്കിലും അത് മറച്ചു വെച്ച് അയാളെ താങ്ങി പിടിച്ചു എഴുന്നേല്പ്പിച്ചു കട്ടിലിലേക്ക് ആനയിച്ചു .വറചട്ടിയിൽ നിന്നും എരിതീയിലേക്ക് വീണ തന്റെ അവസ്ഥയിൽ പരിതപിച്ചു ചിന്താവിഷ്ടനായ രാവണനെ പോലെ അയാൾ കിടന്നു .ഇത്തവണ ചില്ലുഫ്രൈമിനു ഉള്ളിലെ ഭാവനിയമ്മ ചിരിച്ചുവോ അതോ കരഞ്ഞുവോ ?


..

Tuesday, August 12, 2014

മുക്കുറ്റിപൂക്കൾ
തിമർത്തു പെയ്ത മഴയിൽ നിറഞ്ഞൊഴുകിയ പുഴയിൽ പാർവതി തന്റെ പ്രതിബിംബം നോക്കിനിന്നു പാർവതിക്ക് എന്നും . ഒരുപാട് സ്നേഹമായിരുന്നു  ഈ പുഴയോട് .തന്റെ മനസിലെ അടങ്ങാത്ത വേദനകൾ  മുഴുവനും അവൾ ഏറ്റെടുകുന്നതുകൊണ്ടുതന്നെ. ഈ പാവം പെണ്ണിന്റെ കണ്ണുനീർ സ്വീകരിക്കാൻ അവൾ എന്നും തയ്യാറായിരുന്നു .അത് കാലാവർഷമായാലും  കരിഞ്ഞു ഉണങ്ങിയ  വേനലായാലും . മഴ പെയ്തോടെ  മണൽ ലോറികൾ കൂത്താടി ചതരഞ്ഞ അവളുടെ തീരസൌന്ദര്യം  വീണ്ടും പച്ചപട്ടണിഞ്ഞു. പുൽമെടക്കുള്ളിൽ അങ്ങിങ്ങായി പൂത്തുനിന്ന മുക്കുറ്റിപൂക്കൾ കണ്ടപ്പോഴാണ്  ഓണം ഇങ്ങെത്തിയല്ലോ എന്നോർത്തത്.  ഒരിക്കൽ എന്തേവരാൻ  വൈകുന്നതെന്ന് കരുതി കാത്തിരുന്ന പൊന്നോണം ഇനിമേൽ തനിക്ചിന്തിക്കാൻപോലും ഇഷ്ടമില്ലതതായി എന്നോര്ത്തപോൾ പാർവതിയുടെകണ്ണുകൾ  ഈറനണിഞ്ഞു ."ഈ  പർവതികുട്ടിടെ  പുഴയോടുള്ള സങ്കടം പറച്ചിൽ തീര്ന്നില്ലേ "  പിന്നിൽ നന്ദിനി പശുവുമായി കൃഷ്ണൻ കുട്ടി "ഇങ്ങിനെ  ഒരാള്  നിന്റെ നിഴല്പറ്റിഉള്ളത്  നീ അറിയുന്നില്ലേപർവതി?"

അയാളുടെ  വാക്കുകളെ ശ്രദ്ധിക്കാതെ തിരിഞ്ഞു   നടക്കുമ്പോൾ മാനം  വീണ്ടും ഇരുണ്ടു കറുക്കാൻ തുടങ്ങിയിരുന്നു .ദൂരെ നിന്ന് പെയ്തുവരുന്ന മഴയുടെ ആരവം  അടുത്തെത്തും മുൻപേ   വീട്ടിലെത്താൻ  ധൃതിയിൽ   നടക്കുമ്പോൾ പാർവതിയുടെ മനസ്സിൽ അറിയാതെ എങ്കിലും ഏതോഒരു  സ്നേഹ വര്ഷം പെയ്തു.പാവം കൃഷ്ണേട്ടൻ,  ഈ    പാർവതിക്ക്  വേണ്ടി മാത്രം കാത്തിരിക്കുന്ന മനുഷ്യൻ..ആ മനസിന്റെ വേദന അറിയാൻ   കഴിയാഞ്ഞിട്ടല്ല.. മറിച്ചു  സാഹചര്യങ്ങൾ...തന്നെ ഒരു  കളിപ്പാട്ടമാകി മാറ്റുകയായിരുന്നു .

സന്ധ്യദീപത്തിന്റെ അരണ്ട വെളിച്ചത്തിൽ അറിയാതെ എങ്കിലും കണ്ണുകൾചോർന്നൊലിക്കുന്ന   മേൽകൂരയിൽ ഉടക്കി.ഈ ഓണത്തിനെങ്കിലും   വീടിന്റെ മിനുക്ക്‌ പണികൾ തീർക്കണമെന്ന്  .വിചാരിച്ചതാണ്   .പക്ഷെ ഈ രാവും പകലും തയ്യൽ    മെഷിയാനോട്  മല്ലടിച്ച്   കിട്ടുന്ന വരുമാനം കൊണ്ട്   താനെന്തുചെയ്യാൻ  ? സ്വന്തം   കാര്യങ്ങള്ക്ക് കരുതിവെച്ച   പൊന്നും പണവും സ്വന്തമെന്നു       കരുതിയവർക്ക് വേണ്ടി   ചിലവഴിച്ചപ്പോൾ ഈ ഉള്ളവൾ  വെറും കറിവേപ്പില പോലെ വലിച്ചെറിയ പെടുമെന്ന്  കരുതിയതേയില്ല   .

കഴിഞ്ഞ ഓണക്കാലം .പാർവതി ചെറിയമ്മയുടെ മാത്രം കണ്ണൻ ജോലികിട്ടി പോയതിനു ശേഷം ആദ്യമായി ഓണം കൂടാൻ വരാമെന്ന് പറഞ്ഞ പൊന്നോണം .കാത്തിരുപ്പുകൾ ...മണികൂറുകൾ...ദിവസങ്ങൾ ..മാസങ്ങൾ ഇതാ ഒരു വര്ഷമാവരായി ..അവൻ വന്നില്ല .അച്ഛൻ ഉപേഷിച്ച് പോയ അവൻ സ്വന്തം അമ്മയുടെ കൈ പിടിച്ചു ഈ ചെറിയമ്മയെ തേടി വന്ന ആ നാൾ മുതൽ അവൻ എന്റെ പൊന്നോമന ആയിരുന്നു . ആരോരും ഇല്ലാത്ത തനിക് എന്നും മതിയാവോളം സ്നേഹിക്കാൻ  അവനെ കിട്ടിയപ്പോൾ സന്തോഷിച്ചു .അവന്റെ  അമ്മയേക്കാൾ ഏറെ സ്നേഹിച്ചു .അച്ഛനില്ലാത്ത മകനെ പോറ്റാൻ ഇഷ്ടിക കളത്തിലേക്ക്‌ പണിക് പോകാൻ തുടങ്ങിയ കണ്ണന്റെ അമ്മ  ഒരു നാൾ വീടിലെത്തിയില്ല.വീട്ടുപടിക്കൽ  വഴി കണ്ണുമായി നിന്ന കണ്ണൻ ഏറെ നാളുകള്ക് ശേഷം  ആ സത്യമറിഞ്ഞു ..അവന്റെ അമ്മ  വേറെ ഏതോ ആളുടെ ഒപ്പം ജീവിതം തുടങ്ങിയെന്നു

അവന്റെ ഊണിലും ഉറക്കത്തിലും  പിന്നീട്  അവന്റെ അമ്മ പാർവതി മാത്രമായി . ...അവൾ വിയര്പോഴുകിയതും പട്ടിണി കിടന്നതും  അവനു വേണ്ടി  ആയിരുന്നു. പഠിപ്പു കഴിഞ്ഞു  കണ്ണൻ പട്ടണത്തിൽ ജോലി തേടി പോകും വരെ.  പക്ഷെ വളരും തോറുംഅവന്റെ  ആ സ്നേഹവും തനിക് നഷ്ടപെടുന്നത് പാർവതി  അറിഞ്ഞു .അവധി ദിവസങ്ങളിൽ തന്നെ തേടി  ഓടി എത്തി ഇരുന്ന അവന്റെ വരവും മെല്ലെ മെല്ലെ  ഇല്ലാതെ ആയി.. അവൻ പടി കടന്നു വരുമെന്ന് കരുതിയ കഴിഞ്ഞ പൊന്നോണവും ആഘോഷമില്ലാതെ കടന്നു പോയി .  പിന്നീട്  ആരോ പറഞ്ഞറിഞ്ഞു  ...അവൻ വിവാഹിതനായി എന്ന്  ,  രണ്ടാം ഭർത്താവു ഉപേക്ഷിച്ചു പോയ അമ്മയുമൊത്ത്  സുഖമായി പട്ടണത്തിൽ എവിടെയോ ജീവികുന്നുവെന്നു. എന്നാലുംഒരിക്കലെങ്കിലും   ഈ പാവം ചെറിയമ്മയെ കാണാൻ അവൻ വരുമെന്ന്  കാത്തിരുന്നു ഈ ഇന്ന്  വരെ .


പുറത്തു മഴയുടെ ഇരമ്പൽ കൂടി വന്നു . ചോർന്നൊലിക്കുന്ന ഈ കൂരകുള്ളിൽ നാള് ദോഷവും പേറി വിവാഹ സ്വപങ്ങൾ പോലും നഷ്ടപെട ഈ പാഴ് ജന്മം  ആര്ക്കുവേണ്ടിയാണ് ?തന്റെ ദുഖങ്ങൾ ഏറ്റെടുക്കാൻ ഉള്ള പുഴയെ പാർവതി ഓർത്തു..പെരുമഴയിൽ നിറഞ്ഞൊഴുകിയ അവൾ തന്നെ മാടി വിളിച്ചുവോ.?വാതിൽതുറന്നുപുറത്തിറങ്ങുമ്പോൾമഴ കനത്തിരുന്നു..ഉള്ളിലെ അതുവരെ പെയ്യാൻ വിതുമ്പി നിന്ന കാർമേഘവും മഴ തുള്ളികൾക്കൊപ്പം  പെയ്തു  അലിഞ്ഞു ചേർന്നു . മിന്നൽ പിളർ അടര്ന്നു വീഴുന്ന  ഇടവഴിയിലൂടെ ഭ്രാന്തു  പിടിച്ച പിശരൻ കാറ്റിനൊപ്പം അവൾ ഓടി പുഴയെ  ലക്ഷ്യമാക്കി . ആ പുഴയുടെ  അഗാത ഗര്ത്തങ്ങളിലേക്ക്  കുതിക്കാൻ .                                                                                
*********************************************************************************

പൊന്നിൻ തിരുവോണദിവസം .വിഭവ സമൃദ്ധമായ ഊണിനു ശേഷം   പാൽപായസംകൊതിയോടെ വാങ്ങികഴികുന്ന കൃഷ്ണൻ കുട്ടി അടുത്തിരുന്ന സ്നേഹര്ദ്രയായ  പർവതിയോടു പറഞ്ഞു  "നമ്മുടെ നന്ദിനിടെ  പാല് കൊണ്ട് ഉണ്ടാക്കിയ പാൽപായസം എത്രകഴിചിടും മതിയവുന്നില്ലടോ..ഒപ്പം  എന്റെ  പാർവതികുട്ടിടെ  കൈപുണ്യവുംഉണ്ട് കേട്ടോ ..എന്നാലും ആ പതിരാത്രില്    പുഴകരയിലെക്ക് ഓടിയ നിന്നെ കണ്ടു ഇവൾ  അമറികരഞ്ഞില്ലയിരുന്നെങ്കിൽ  എനിക്ക് ഈ പെണ്ണിനെ കിട്ടുമായിരുന്നോ ? " കോടിമുണ്ടിൽ സുന്ദരി ആയ അവൾ അയാളോട് ചേർന്നിരുന്നു .മുറ്റത്തു  പശുകിടവിനെ നക്കിതോർത്തുന്ന   നന്ദിനിപശുവിനെ നോക്കി  ഇരുന്ന അവളോട്‌ അയാൾ പറഞ്ഞു " ജീവിതത്തിൽ നമ്മൾ സ്നേഹിച്ചവർ ഇല്ലെങ്കിലും ഈ ഭുമിയിൽ നമ്മളെ സ്നേഹികുവാൻ   മറ്റു ആരെങ്കിലുമൊക്കെ കാണും ...ഇവളെ പോലെ ..അല്ലെങ്കിൽ  നമ്മുടെ പുഴയെപോലെ...."കൃഷ്ണൻ കുട്ടിയുടെ  വാക്കുകൾ  മുഴുവനാകും മുൻപേ പാർവതി മൊഴിഞ്ഞു "അല്ലെങ്കിൽ ഈ കൃഷ്ണേട്ടനെ പോലെ അല്ലെ ?"അവളുടെ  വാക്കുകളുടെ  സ്നേഹത്തിൽ ലയിച്ചു അയാൾ ചിരിച്ചു .ഒപ്പം പർവതിയും.ആ ചിരിയുടെ അലകൾ ദൂരെ ശാന്തമായി ഒഴുകുന്ന  പുഴ പെണ്ണ്  ഏറ്റുവാങ്ങി ...അവൾ എല്ലാം മറന്നു ഒഴുകി .കരനിറയെ പൂക്കളം  ഒരുക്കിയ മുക്കുറ്റി പൂക്കളെ തഴുകികൊണ്ട്‌ .  


    ..
   

Tuesday, July 15, 2014

എന്റെ കവിത


എന്റെ ഈ കവിത
ആളി പടരും മുന്പെ
ആറി അണഞ്ഞു ഭസ്മമായി  മാറിയ
സ്നേഹതിന്  തീ കണമാണ്

പൊഴിയുന്നതിനു മുന്പ്‌
കണ്‍  കോണില്  പൊടിഞ്ഞൊരു
കണ്ണ് നീര്  തുള്ളിയാണ്

അനുഭവിച്ചരിയും  മുന്പെ
നിലച്ചുപോയ ഹൃദയത്തിൻ
സ്പന്ദനമാണ്

വേദന എന്തെന്നു അറിഞ്ഞ
ആ   സ്പന്ദനത്തിന്
രക്ത കണികയാണ് !        

Sunday, July 4, 2010

വിണ്ണിലെ നക്ഷത്രങ്ങള്‍
ഒരു ഞരക്കത്തോടെ അതുവരെ കറങ്ങിയിരുന്ന ഫാന്‍ നില്‍കേണ്ട താമസം തന്റെ ദേഹം മുഴുവന്‍ വിയര്തൊഴുകാന്‍ തുടങ്ങി . വേനലിലെ ഈ പവര്‍ കട്ടിനെ ശപിക്കാന്‍ ഇനി വാക്കുകള്‍ ഇല്ല .കനത്ത ഇരുട്ടിലേക്ക് നോക്കി കിടക്കുമ്പോള്‍ അവസാനത്തെ രാത്രിവണ്ടിയുടെ അലറി പാച്ചല്‍ കേട്ടു.അതിന്റെ താളം അകലേക്ക്‌ മെല്ലെ അകന്നകന്നു പോയി . ഇരുട്ടില്‍ തപ്പിത്തടഞ്ഞു എമെര്‍ജന്‍സി ലൈറ്റ് തെളിയിച്ചു ജനല്പളികള്‍ തള്ളിതുരന്നുവെച്ചു .പുറത്തു നിന്നും വന്ന ഇളംകാറ്റു ലോകം അവസാനിച്ചാലും തങ്ങള്കൊന്നുമില്ലെ എന്നമട്ടിലുറങ്ങുന്ന അച്ഛനും മകനും ആശ്വസമായീ കാണും.കറന്റ്‌ പോയതോന്നും അറിയാതെ ചുരുണ്ടുകൂടി കിടക്കുകയാണ് രണ്ടുപേരും .


ഉറക്കം കണ്ണുകളില്‍ നിന്ന് വിടപറഞ്ഞ താന്‍ ഇനി എന്തുചെയ്യാന്‍? ബാല്‍കണിയുടെ വാതില്‍ തുറന്നു അരികില്‍ ഒതിക്കിയിട്ട കസേരയില്‍ ഇരുന്ന തന്റെ ദൃഷ്ടികള്‍ അങ്ങുദൂരെ നീലാകശത്തിലെ കുഞ്ഞു നക്ഷത്രങ്ങളില്‍ പതിച്ചു.അങ്ങിങ്ങായി മിന്നുന്ന അവ തന്നെ മാടിവിളിക്കുന്നപോലെ തോന്നി .രാത്രിയുടെ നിതാന്ത നിശബ്ദതയില്‍ ആകാശത്തേക്ക് നോക്കിയിരിക്കവെ കുഞ്ഞുനാളില്‍ രാത്രിവേളകളില്‍ മുറ്റത്തു ചാരുകസേരയില്‍ അച്ഛന്റെ മടിയില്‍ കിടന്നു മാനത്തെ നക്ഷത്രങ്ങള്‍ എന്നറുള്ളത് ഓര്‍മവന്നു .ഒരുപാട് എണ്ണി,ആ സ്നേഹോഷ്മളമായ ലാളന നിറയെ നുകര്‍ന്ന്.. ആവര്ത്തിച്ചുപറയുന്ന കഥകള്‍ കേട്ടുകൊണ്ട് . അന്നൊക്കെ അച്ഛന്‍പറയുമായിരുന്നു, ദേഹം വെടിഞ്ഞു പോകുന്ന ആത്മാക്കളാണ് ആകാശത്ത് നക്ഷത്രങ്ങളായി തിളങ്ങുന്നതെന്ന്. ആകാശത്ത് തിളങ്ങുന്നത് ആത്മകള്‍ അല്ല അതോകെ ശുന്യകാശത്തെ അത്ഭുതങ്ങള്‍ ആണെന്ന് തിരുത്തി പറയാന്‍ ആയപ്പോള്‍ അച്ഛന്‍ തന്നെ വിട്ടു പോയിരുന്നു. അവസാനം അച്ഛന്റെ സ്നേഹം ഒരു വിയര്‍പ്പു മണമായി ചാരുകസേരയില്‍ അവശേഷിച്ചു. പിന്നീട് ആ കസേരയില്‍ ഒരു വേര്‍പാടിന്റെ വേദനയുമായി തയിയെ ഇരുന്നു താന്‍എണ്ണിയ നക്ഷത്രങ്ങളില്‍ ഒരു നക്ഷത്രം കൂടിയുണ്ടായിരുന്നു ..തന്റെ പ്രിയപ്പെട്ട അച്ഛന്റെ ആത്മാവിന്റെ നക്ഷത്രം .


അച്ഛന്റെ ഓര്‍മ്മകള്‍ കണ്ണുകളെ ഈറനണിയിച്ചു . അറിയാതെ പൊടിഞ്ഞ കണ്ണുനീര്‍ മെല്ലെ തുടച്ചുമാറ്റി , താഴെഅല്പം അടുത്ത് തന്നെയുള്ള റയില്‍വേ ഫ്ലാടുഫോര്‍മിലെകു വെറുതെ നോക്കിയിരുന്നു.അവസാനത്തെ വണ്ടി പോയതോടുകൂടി സ്റ്റേനിലെ തിക്കും തിരക്കും കുറഞ്ഞപോലെ തോന്നി .ഇടക്ക് ഈയിടെ സ്റ്റേഷന്‍ വരാന്തയില്‍ കേറികൂടിയ തെണ്ടി പെണ്ണുങലോടാണെന്നു തോന്നുന്നു ഡൂടി പോലിസിന്റെഉച്ചത്തിലുള്ള തെറി വിളി കേട്ടു .രാത്രിവേളയില്‍ സ്റ്റേഷന്‍ വരാന്തയില്‍ തലചായിക്കുന്ന അവരില്‍ ഒരുത്തി പതിവായി പകല്‍ നേരത്ത് തോളിലൊരു കുഞ്ഞുമായി , ദേഹം കഷ്ടിച്ച് മറയ്ക്കുന്ന തുണിയുടുത് ഇടവഴിലോക്കെ തെണ്ടിനടകാറുണ്ട് .ദേഹം മറയ്ക്കാന്‍ തുണിയില്ലെന്ന് കേഴുന്ന പെണ്ണിന് സന്ധ്യ ആവുമ്പോഴേക്കും ഒരു ഭാണ്ടം നിറയെ തുണികള്‍ കിട്ടും .ഒപ്പം വയര്‍നിറയെ ആഹാരവും .പക്ഷെ രണ്ടുനാള്‍ കഴിയുമ്പോള്‍ പാതിമറച്ച ദേഹവുമായി അവളെ കാണാം വേറെ ഏതെങ്കിലും ഇടവഴിയില്‍ പതിവുപല്ലവിയുമായി . ഉടുക്കാന്‍ തുണിയില്ല എന്നുപറഞ്ഞു കേഴുന്ന അവളോട് തനിക്കു ഒരുതരം അനുകമ്പ ആയിരുന്നു ...സ്നേഹമായിരുന്നു..കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പു സന്ധ്യ നേരത്ത് അവള്‍ ഒരുത്തന്റെയോപ്പം ഓട്ടോയില്‍ കേറിപോകുന്ന കാഴ്ച കണ്ടനേരം വരെ .താന്‍ എപ്പോഴോ ദയ തോന്നി കൊടുത്ത സാരി അവള്‍ ഭംഗി ആയി ഉടുത്തിരുന്നു ..തലയില്‍ നിറയെ മുല്ലപൂവും ചൂടി ..മുഖത്ത് പൌഡര്‍ വാരിപൂശിയ അവള്‍ പകല്‍ കണ്ട തെണ്ടീപ്പെണ്ണാണോ എന്ന് സംശയം തോന്നിപ്പിക്കുന്ന രീതിയില്‍ മാറിപോയിരുന്നു. മനസിലെ ദയ വെറുപ്പിനു വഴിമാറി .തിരിച്ചു ഫ്ലാറ്റിലെക്കു തിരിച്ചു നടക്കവേ സ്റ്റേഷന്‍ വരാന്തയില്‍ കിടന്നു കരയുന്ന അവളുടെ കുഞ്ഞിനെ കണ്ടിരുന്നു .അടുത്തിരുന്ന ഒരു തള്ള അതിനെ ശാസിക്കുന്നതും. ജീവിക്കാന്‍ വേണ്ടി മനുഷ്യര്‍ കെട്ടുന്ന വേഷങ്ങള്‍ ....ചിലപ്പോള്‍ ഇതൊകെ ശ്രദ്ധിക്കാതെ ഇരിക്കുകയാണ് നല്ലതെന്ന് തോന്നും.
ഇനിയും വരാത്ത കറന്റിനെ ശപിച്ചു വീണ്ടും കസേരയില്‍ ചാരിഇരിക്കവേ, പെട്ടെന്ന് താഴെ ഒരുകാറിന്റെ ശബ്ദം കേട്ടു അപാര്ടുമെന്റിലേക്ക് ഉള്ളവര്‍ ആണെന്നാണ് ആദ്യം കരുതിയത്‌ .പക്ഷെ വന്ന കാര്‍ നേരെ ഫ്ലാടുഫോര്‍മിലേക്ക് കേരുന്നിടത് കൊണ്ട് നിര്‍ത്തി.ഈ അസമയത് ട്രെയിന്‍ കേറാന്‍ വന്നവരിയീര്ക്കില്ല ..എന്തെന്നരിയനുള്ള ഒരു ആകാംഷയോടെ ഗ്രില്ലില്‍ ഇടയിലൂടെ എത്തിനോക്കുമ്പോള്‍ നിര്‍ത്തിയിട്ട കാറില്‍ നിന്ന് രണ്ടുപേര്‍ ഇറങ്ങി .പുറകിലെ ഡോര്‍ തുറന്നു എന്തോ അവര്‍ പുറത്തെടുക്കുന്നത് കാറിന്റെ ഉള്ളിലെ നേരിയ വെളിച്ചത്തില്‍ തനിക്കു കാണാമായിരുന്നു. കാറില്‍ നിന്നും താങ്ങിയെടുത്ത എന്താണെന്നു മന്സിലകുന്നതിനു മുന്‍പേ അവര്‍ അതുമായി ഇരുട്ടിലേക്ക് മറഞ്ഞൂ . അരുതാത്തതെന്തോ സംഭവിക്കുകയന്നെന്നു മനസിലായപ്പോള്‍ കാലിനടിയില്‍ നിന്നൊരു പെരുപ്പ്‌ അറിയാതെ ദേഹം മുഴുവന്‍ പടര്‍ന്നു. പിന്നീടു എങ്ങിനെയോ തപ്പിത്തടഞ്ഞു, കട്ടിലില്‍ അരികില്‍ എത്തി, ഉറക്കത്തില്‍ ആഴ്ന്നുകിടന്ന ഭര്‍ത്താവിനെ വിളിച്ചുണര്‍ത്തി. കട്ടിലില്‍ അരികിലെ എമര്‍ജന്‍സി ലൈറ്റ്ന്റെ വെളിച്ചത്തില്‍ പരിഭ്രമിച്ച തന്റെ മുഖം കണ്ടു അദ്ദേഹം അല്പം ഞെട്ടിയെന്നു തോന്നുന്നു .
"താഴെ ആരോ എന്തോ...." പറയാന്‍ തുനിഞ്ഞ വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങി മുറിഞ്ഞു പോയി ."എന്താ ..നിനകെന്തു പറ്റി? താഴെ എന്ത് നടന്നുവെന്നാ ? ഉറക്കം ഇടക്ക് വെച്ച് നഷ്ടപെട്ട ഇര്ഷ്യത്തോടെ തിരിഞ്ഞുകിടക്കാന്‍ തുടങ്ങിയ ഭര്‍ത്താവിനോട് താന്‍ വീണ്ടും പറഞ്ഞു."അതല്ല താഴെ കാറില്‍ വന്നവര്‍ എന്തോ ...."വാക്കുകള്‍ വീണ്ടും തൊണ്ടയില്‍ കുരുങ്ങി.
"ഹോ ..അതാരെങ്കിലും വഴി തെറ്റിവന്നവരായിരിക്കും.". എന്ന് പറഞ്ഞു ഒഴിഞ്ഞെങ്കിലും ഉറക്കച്ചടവോടെ എഴുന്നേറ്റു ബാല്കണിയിലേക്ക് നടന്ന അദ്ധേഹത്തെ താനും പിന്‍ തുടര്‍ന്നു, ആകാംഷയോടെ എത്തിച്ചു നോക്കിയപ്പോള്‍ ,താഴെ വഴി ശൂന്യമായിരുന്നു ."എവിടെ?ആരെ കണ്ടുവെന്നാ ?ഒക്കെ നിനക്ക് തോന്നിയതാകും .." തന്നെ സമാധാനിപ്പിക്കാന്‍ ശ്രമിച്ച
ഭര്‍ത്താവിനോട് ഒന്നും പറയാന്‍ ആവാതെ തിരിച്ചു വന്നു കട്ടിലില്‍ ഇരുന്നു കഴിഞ്ഞകര്യങ്ങള്‍ എന്തൊക്കെയാണെന്ന് ഓര്‍ക്കാന്‍ ശ്രമിച്ചു. വന്ന ആളുകള്‍ പുറത്തെക്കിടുത്തത്‌ ഒരു മനുഷ്യ ശരീരം ആയിരുന്നോ? " അവര്‍ ആരെയെങ്കിലും കൊലചെയ്യ്തിടു കൊണ്ടുവന്നതാണോ ? തന്റെ ആത്മഗതം അല്പം ഉച്ചത്തില്‍ ആയി പോയി." എന്റെ പെണ്ണെ നീയെന്തിനാ വേണ്ടാത്തത് ചിന്തിക്കുന്നെ? ...ഒന്നും ഇല്ല സമാധാനമായി .. കിടന്നുറങ്ങൂ...ഹോ ഒരു ഒടുക്കത്തെ കരന്റു കട്ട്‌..." അദ്ദേഹം പറഞ്ഞു നാവെടുത്തില്ല,ഫാന്‍ ഒരു ഞരക്കത്തോടെ കറങ്ങാന്‍ തുടങ്ങി .. എല്ലാം മറന്നു ഉറങ്ങാനായി കട്ടിലിലേക്ക് ചെരിയുമ്പോള്‍ നാളെ പുലരുമ്പോള്‍ കാണാന്‍ പോകുന്ന കാര്യങ്ങളെ കുറിച്ച് ഓര്‍ത്തു ... വീണ്ടും നെഞ്ഞിടിപ്പ്‌ കൂടാന്‍ തുടങ്ങിയപ്പോള്‍ വരാന്‍ മടിച്ചു മാറിനില്‍ക്കുന്ന ഉറക്കത്തെ വലിച്ചടിപ്പിച്ചു മിഴികള്‍ മുറുകെ അടച്ചു .
.....................................................................
"എന്റമ്മേ ,ഒന്നെണീക്കൂ .. ഇന്ന് നേരത്തെ കോളേജില്‍ പോകേണ്ടതാ " കണ്മിഴിച്ചുനോക്കുമ്പോള്‍ മുന്നില്‍ മകന്‍ .നേരം വൈകിയെന്ന പരിഭ്രാന്തിയൊടെ അടുക്കളയിലേക്കു നടക്കുമ്പോള്‍ ബാല്കണിയില്‍ ഭര്‍ത്താവ് പുറത്തേക്കു നോക്കിനില്പുണ്ടായിരുന്നു .അടുക്കളയിലേക്ക് കേറാതെബാല്കണിയില്‍ ചെന്ന് എത്തിനോകുമ്പോള്‍ താഴെ ഫ്ലാടുഫോര്മില്‍ ഒരു ചെറിയ ആള്‍കൂട്ടം കണ്ടു .അമ്പരപ്പോടെ നിന്ന തന്നെ ആശ്വസിപ്പിക്കാന്‍ അദ്ദേഹം പറഞ്ഞു " നീ വിചാരിച്ചപോലെ ശവമൊന്നുമല്ല, അതൊരു വൃദ്ധനാണ് ....ആരോ ഉപേക്ഷിച്ചിട്ട് പോയതാ ..സ്വന്തം മക്കളുതന്നെയനെന്ന പറച്ചില്‍ ..." ഒരു വേദന മനസിനെ വലിഞ്ഞു മുറിക്കിയ പോലെ തോന്നി .രാത്രിയിലെ സംഭവങ്ങള്‍ വീണ്ടും മന്സിലെക്കൊടിവന്നു . പുറത്തേക്കു വീണ്ടും എത്തിനോക്കാന്‍ ശ്രമിച്ച തന്റെ പിന്നില്‍ മകന്റെ വിളി വീണ്ടും .." അമ്മെ കാഴ്ച കണ്ടുനിന്നാല്‍ ക്ലാസ്സ്‌ മിസ്സ്‌ ആകും ..വേഗം ബ്രെയ്ക്ഫാസ്റ്റ് റെഡി ആക്കൂ ..."ഹോ ഈ അമ്മക്ക് കുറച്ചു ദിവസേക്ക് ടെന്‍ഷന്‍ അടിക്കാന്‍ ഉള്ളതായിടുണ്ട്"..അവന്റെ കമന്റ്‌ ശ്രദ്ധിക്കാതെ ....ധൃതിയില്‍ ജോലിയില്‍ ഏര്‍പ്പെട്ടെങ്കിലും മനസു മുഴുവന്‍ ആ വൃദ്ധനെ കാണാനുള്ള ആഗ്രഹമായിരുന്നു ആയിരുന്നു . അവസാനം അച്ഛനും മോനും യാത്ര പറഞ്ഞു പോയപ്പോള്‍ താന്‍ വീണ്ടും ചിന്തയുടെ ലോകത്തിലേക്ക് ആണ്ടു .

ഉപയോഗ ശൂന്യമായ ഒരു വസ്തുവിനെ പോലെ ഉപേക്ഷിക്കപെട്ട ആ പിതാവിനെ കുറിച്ച് ഓര്‍ത്തപ്പോള്‍ നീലാകാശത്തു ഒരു നക്ഷ്ത്രമമായി മാറിയ അച്ഛന്‍ മനസിലേക്ക് ഒരു പുഞ്ചിരിയുമായി കേറി വന്നു. ഒരു കുളിര്‍തെന്നല്‍ തന്നെ ഒരു സ്നേഹത്തോടെ തഴുകിയോ? ചിലപ്പോഴെക്കെ അങ്ങിനെയാണ് നമ്മള്‍ സ്നേഹിക്കുന്നവരുടെസാമീപ്യം ഒരു കുളിര്‍ കാറ്റായി അനുഭവപെടും . തന്നെ കാത്തു കിടക്കുന്ന ജോലികളെ കുറിച്ച് ഓര്‍ത്തപ്പോള്‍ ആലോചനകള്‍ക്ക് ഒരു വിരാമമിട്ടു.

....................................................................................................................................................................

ഇളം വെയില്‍ പരക്കാന്‍ തുടങ്ങിയിരുന്ന ഫ്ലാടുഫോര്മില്‍ ,... യാത്രക്കാരുടെ എണ്ണം വളരെ കൂടിയിരുന്നു . യാത്രക്കാരില്‍ ചിലര്‍ ശ്രദ്ധിച്ചും ശ്രദ്ധിക്കാതെയും പോകുനുണ്ടായിരുന്നു. വൃദ്ധനെ കാണാനുള്ള ആഗ്രഹത്തോടെ താന്‍ അവിടെ എത്തുമ്പോള്‍ ആ ശരീരം ഒരു കൊച്ചു മര തണലില്‍ കിടപ്പുണ്ടായിരുന്നു.ദയ തോന്നിയ ആരോ വെയില്‍ കൊള്ളാതിരിക്കാന്‍ നീക്കി കിടത്തിയത്‌ ആകാം .എല്ലും തോലും മാത്രമായ ആ ദേഹത്ത് അങ്ങിങ്ങ് പൊട്ടിയ വ്രണങ്ങങ്ങളില്‍ അഴുക്കു പിടിച്ചിരുന്നു.പീള വന്നടഞ്ഞു വികൃതമായ കുണ്ടില്‍ ആണ്ട കണ്ണുകള്‍ കണ്ടപ്പോള്‍ വല്ലാതെ വേദന തോന്നിപോയി .ഇടക്ക് വരണ്ട ചുണ്ടുകള്‍ പിളര്‍ത്തി എന്തോ ആഗ്യം കാണിച്ചപ്പോള്‍ കൂടിനിന്നവരില്‍ ഒരാള്‍ കൈയിലെ കുപ്പിയില്‍ ഉണ്ടായിരുന്ന വെള്ളം മെല്ലെ ചുണ്ടിലേക്ക്‌ പകര്‍ത്തി .തൊണ്ട നനഞ്ഞ ആശ്വാസവുമായി ഒരു ഞരക്കത്തോടെ അയാള്‍ ചെരിഞ്ഞു കിടന്നു .കാഴ്ചക്കാരുടെ എണ്ണം കൂടാന്‍ തുടങ്ങിയത് കൊണ്ടോ എന്തോ അല്പം ദൂരെ ഇരുന്ന പോലിസുകാരിലൊരാള്‍ എല്ലാവരോടും നീങ്ങിപോകാനുള്ള ആജ്ഞ്ഞയുമായി വന്നു ."' അന്തര് ദൂരം വെള്ളി പോണ്ടി...കൊഞ്ചം സെപടിലോ ശാന്തിഭവന്‍വാളു വോചെസ്ഥാരു ...അന്ത വാളു ചൂസുകുണ്ടാരുലെ " ( എല്ലാവരും ദൂരെ മാറിനില്‍ക് ... ഇത്തിരി സമയത്തിനുള്ളില്‍ ശാന്തിഭാവന്ക്കാര്‍ വരും പിന്നെ അവര്‍ നോക്കികൊള്ളും ..")  അയാളുടെ  വാക്കുകള്‍ കേട്ടപ്പോള്‍ മനസിനു ഒരു ആശ്വാസം തോന്നി . അനാഥര്ക്ക് ആശ്രയമാണല്ലോ ശാന്തിഭവനം.'അന്ത വരേക്കു ഈ മുസ്സാലിയ്ന ഉണ്ടാതോ എമോ ? (അതുവരേക്കും ഈ വയസന്‍ ഉണ്ടാകുമോ എന്തോ  ?)  കൂട്ടത്തില്‍   ആരോ പറഞ്ഞു .തനിക്കും തോന്നി...അതുവരെ? കൂടുതല്‍ ആലോചിക്കാന്‍ തോന്നിയില്ല .വൃദ്ധന്റെ അരികിലൂടെ കടന്നുപോയ ചിലര്‍ പരിതപിച്ചു...ചിലര്‍ അയാളെ ഉപേക്ഷിച്ചു പോയവരെ ശപിച്ചു ... ചിലര്‍ തനിക്കിതൊന്നും ബാധകമല്ല എന്ന പോലെ കടന്നു പോയി .ഇതിനിടയില്‍ പാതി ദേഹം മറച്ച പെണ്ണ് കുഞ്ഞുമായിതെണ്ടാന്‍ ഇറങ്ങിയത്‌ കണ്ടു.


 കൊണ്ടുപോകാന്‍     വരുമെന്നുപറഞ്ഞ ശാന്തിഭവന്‍ക്കാരെ കാണാതെ ആയപ്പോള്‍  താന്‍  പതുക്കെ പാതി മനസോടെ ഫ്ലാടിലേക്ക് തിരിച്ചു നടന്നു. . .പുറത്തു വെയില്‍ മൂക്കാന്‍ തുടങ്ങി .ഇടക്കെപ്പോഴോ കൂടി നിന്നവരുടെ എണ്ണം കുറഞ്ഞു . വൃദ്ധന്റെ ദേഹം അനാഥമായി കിടക്കുന്നതും കണ്ടു.ഒന്നും സംഭവിക്കാത്ത കുറെ നിമിഷങ്ങള്‍ കടന്നു പോയി.


ബാല്കണിയില്‍ എങ്ങിനെ നോക്കി നില്‍ക്കുന്ന നേരത്ത് ,.പെട്ടെന്ന് താഴെ ഒരു കാര്‍  ഫ്ലാട്ഫോം   തുടങ്ങുന്നിടത്ത് വന്നു നിന്നു .ഡോര്‍ തുറന്നു പുറത്തിറങ്ങിയ രണ്ടുപേരെ കണ്ടപ്പോള്‍ ഇന്നലെ ഇരുട്ടിന്റെ മറ പറ്റി വന്നവരെ പോലെ തോന്നി. ധൃതിയില്‍ അവര്‍ ഫ്ലാടുഫോര്മില്‍ കയറി വൃദ്ധന്റെ അടുത്തെത്തിയതും അകന്നു മാറി നിന്ന ചിലര്‍ വീണ്ടും അടുത്ത് കൂടുന്നത് കണ്ടു. കാര്യമായി എന്തോ സംഭവിക്കാന്‍ പോകുന്നുവെന്ന ആകാംഷയോടെ , അതുവരെ ബാല്കണിയിലും മറ്റും എത്തിനോക്കി നിന്നവര്‍ പൊടുന്നനെ താഴെയെത്തി നേരെ ആളുകള്‍ കൂടി നിന്നിടതെക്ക് നടന്നു നീങ്ങി. കൂട്ടത്തില്‍ താനും അവരെ അനുഗമിച്ചു.ജീവച്ഛവമായി കിടന്നിരുന്ന വൃദ്ധന്റെ അടുത്തിരുന്നു ഒരുത്തന്‍ ഉറക്കെ എന്തൊകെയോ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു " എന്തുക്ക് നാനാ മാതോ ചെപ്പകുന്ട വോചെസാര്? മേമു എന്താ ബാധ പടിന്തോ തെലുസാ"?അന്താ വെധിക്കാനു ... ഇപ്പുടു തെലിസിന്തി ഇക്കട ഉന്നാരണി...."( എന്തിനാ അച്ഛാ ഞങ്ങളോട് മിണ്ടാതെ പോന്നത്? ഞങ്ങള്‍ എത്ര വിഷമിച്ചു എന്ന് അറിയാമോ ?.എല്ലായിടത്തും തിരക്കി .ഇപ്പോള്‍ അറിഞ്ഞുള്ളു ഇപ്പോള്‍ ഉണ്ടെന്നു ..")മുതല കണ്ണീര്‍ ഒഴുക്കി കൂടിനിന്നവരെ ബോധിപ്പിക്കാന്‍ ശ്രമിച്ച ആളിനെ താന്‍ ശ്രദ്ധിച്ചു നോക്കി . ഇന്നലെ ഈ പറയുന്ന ആളു തന്നെയല്ലേ ..ഒരു അവശിഷ്ടം പോലെ തന്റെ പിതാവിനെ ഇവിടെ ഉപേഷിച്ച് പോയത് ...ഇപ്പോള്‍ വീരവാദം മുഴക്കുന്ന അയാളെ ശെരിക്കും പിച്ചി ചീന്താന്‍ തോന്നി . ഇരുളിന്റെ മറവില്‍ നടന്ന സംഭവത്തിന്റെ ഏക ദൃക്സാക്ഷി ഒരു പക്ഷെ താന്‍ മാത്രമായിരിക്കും.അപ്പോള്‍ തന്റെ വാക്കുകള്‍ ആരും വിശ്വസിക്കാനിടയില്ല .എതിര്‍ക്കാന്‍ മനസ്സുറപ്പ് ഇല്ലാത്ത തന്നെ സ്വയം പഴിച്ചു നില്കുന്നതിനിടയില്‍ കൂടെ വന്ന മറ്റേ ആള്‍ പതുക്കെ വൃദ്ധന്റെ അടുത്ത് അലസമായി കിടന്നിരുന്ന ഭാണ്ടം തുറന്നു നോക്കുന്നത് കണ്ടു ...മുഷിഞ്ഞ തുണികള്‍ക്ക് ഇടയില്‍ നിന്നും നിന്നും തിരഞ്ഞെടുത്ത ഒരു ചെറിയ   കെട്ട് പേപ്പര്‍   പെട്ടെന്ന് അയാള്‍ ആരും കാണതെ മറച്ചു വെച്ചത് ,കണ്ണീര്‍ഒലിപ്പിച്ചും    ,വേവലാതിപെട്ടും ,ഇല്ലാ കഥകള്‍ പറഞ്ഞുകൊണ്ടിരുന്ന മറ്റേ  ആളുടെ സംസാരത്തില്‍ ശ്രദ്ധിച്ചു കൊണ്ടിരുന്ന ആളുകള്‍  കണ്ടില്ലെന്നു തോന്നുന്നു .രാത്രിയുടെ മറവില്‍ ഉപേക്ഷിച്ച പിതാവിനോടൊപ്പം നഷ്ടപെട്ട വിലപെട്ടതെന്തോ തിരിച്ചെടുക്കാനാണ് ഈ ദുഷ്ടന്മാര്‍ ഇത്ര തത്രപെട്ടു വന്നതെന്ന് അപ്പോഴാണ് മനസിലായത് .


നാടകീയ മായ രംഗങ്ങള്‍ക്ക് ഇടയില്‍ ശാന്തി ഭവനിലെ അംഗങ്ങള്‍ വൃദ്ധനെ കൊണ്ടുപോകാനായി വണ്ടിയുമായി എത്തി . അവരുടെ മുന്‍പില്‍ തങ്ങളുടെ വിലയും നിലയും തകര്‍ന്നു വീഴാതിരിക്കാന്‍ , പിതാവ് തങ്ങള്രിയാതെ വീട് വിട്ടു പോന്നതാണെന്നു കള്ള കഥ മെനഞ്ഞു അവര്‍ മാന്യന്മാരായി .വീട് വിട്ടിറങ്ങിയത്‌ മക്കളുടെ ശ്രദ്ധ കുറവ് കൊണ്ടാവാം എന്ന ശാന്തിഭവന്‍ കാരുടെ വാക്കുകളെ കൂടി നിന്നവര്‍ ചിലര്‍ പിന്താങ്ങി ...വാഗ്വാദം തുടര്‍ന്ന് കൊണ്ടേ ഇരുന്നു .ഇതിനിടയില്‍ വൃക്ഷ തണലില്‍ തളര്‍ന്നു കിടന്ന വൃദ്ധനെ ആരും ശ്രദ്ധിച്ചില്ല .അവസാനമായൊന്നു കാണാമെന്ന ആഗ്രഹത്തോടെ അയാളുടെ അടുത്ത് എത്തിയ തനിക്കു കാണാന്‍ കഴിഞ്ഞത്  ദയനീയമായ   കാഴ്ച ആയിരുന്നു . ചെരിഞ്ഞു കിടന്ന ആ പാവം വൃദ്ധന്റെ തുറന്നു തന്നെയിരുന്ന കണ്ണിലെ നരച്ച കൃഷ്ണമണികള്‍ നിശ്ചലമായിരുന്നു...പാതി പിളര്‍ന്ന വായിലൂടെ ഒഴികി ഇറങ്ങിയ ഉമിനീര്‍ നുണയാന്‍ ഉറുമ്പുകള്‍ കേറാന്‍ തുടങ്ങിയിരുന്നു .ആത്മാര്‍ത്ഥത ഇല്ലാത്ത മക്കളുടെ ലോകം വിട്ടു ആ ആത്മാവ് ദേഹം വിട്ടു പോയെന്നു ആ കിടപ്പ് കണ്ടപ്പോള്‍ മനസിലായി.ആരോടും ഒന്നും പറയാന്‍ തോന്നിയില്ല . മനസ്സാകെ മരവിച്ചു പോയിരുന്നു . വാക്ക് തര്‍ക്കങ്ങളുമായി നില്‍ക്കുന്ന ആ മക്കള്‍ വെറും മൃഗങ്ങളെ പോലെ തോന്നി.അവിടെ പിന്നെ ഒരു നിമിഷം പോലും നില്കാനവാതെ സാവകാശം ഫ്ലടിലേക്ക് നടക്കുമ്പോള്‍ സൂര്യന്‍ മുകളില്‍ പരമാവധി ചൂടില്‍ ജ്വലിക്കാന്‍ തുടങ്ങിയിരുന്നു. പെട്ടെന്ന് ചുട്ടുപഴുത്ത പാളങ്ങള്‍ കുലുക്കി ഒരു പാസഞചര്‍ ട്രെയിന്‍ അലറി ദൂരേക്ക്‌ പാഞ്ഞു .പുറകില്‍ നടക്കുന്ന സംഭവങ്ങള്‍ ഇനി അറിയേണ്ട എന്ന മനസോടെ അപര്ടുമെന്റിന്റെ ഗേറ്റ് കടക്കവേ അതുവരെ പിടിച്ചു വെച്ച ഒരു തേങ്ങല്‍ താനറിയാതെ പുറത്തു വന്നു.....അനാഥനായി മരിച്ചു കിടക്കുന്ന ഏതോ ഒരു പിതാവിന് വേണ്ടി ..........
അന്ന് രാത്രിയില്‍ പവര്‍ കട്ട്‌ വേളയില്‍ ഉറക്കം നഷ്ടപ്പെട്ട് ബാല്കണിയില്‍ നിന്ന താന്‍ ..അങ്ങ് ദൂരെ നീലാകാശത്തില്‍ തിളങ്ങുന്ന ഒരു പുതിയ നക്ഷത്രത്തിനെ കണ്ടു....സ്വന്തം മക്കളാല്‍ ഉപേഷിക്കപെട്ടു അനാഥ പ്രേതമായി മാറാന്‍ വിധിക്കപെട്ട ഒരു പാവം പിതാവിന്റെ ആത്മാവിന്റെ തിളങ്ങുന്ന രൂപം ....ഒരു കുഞ്ഞി നക്ഷത്രം !

Monday, March 22, 2010

അമ്മതന്‍ സ്നേഹംഈറ്റൂ നോവേറ്റൂ പെറ്റൊരമ്മ
ആറ്റൂ നോറ്റൂ വളര്ത്തിയോരമ്മ
ആലോലം താരാട്ട് പാടിയോരമ്മ
അല്ലലറിയാതെ വളര്ത്തിയോരമ്മ

ഇന്നേതോ വൃദ്ധസദനത്തില്‍-
അന്ധകാരത്തില്‍ മുഖം പൂഴ്ത്തികരയുമമ്മ

കുഞ്ഞികിനവ്‌ കണ്ടുറങ്ങാന്‍
കുഞ്ഞിളം മിഴികള്‍ മൂടുംവരെ
പിഞ്ചിളം ചുണ്ടില്‍ പാല്ച്ചുരത്തി
നെഞ്ചിലെ ചൂടുപകര്‍ന്നോരമ്മ
അന്യയെന്നപോലെ പാതവഴിയോരത്ത്

ഈറ്റുനീരിനായി കേണിടുന്നു
കാച്ചിമിനുക്കിയാ സ്നേഹപ്രഭ
കണ്ടില്ലെന്നു നടിച്ചുകൊണ്ട്‌

കാടത്വമുള്ള മനസുമായി
കപട്യമില്ലതാപുണ്യതിനെ

കണ്ണുനീര്‍ പുഴയിലോഴിക്കിടുന്നു


കാരുണ്യമില്ലാതെ കൈയൊഴിഞ്ഞ
കണ്ണിലുണ്ണി തന്‍ പാദങ്ങളില്‍
കുഞ്ഞുമുള്‍മുന കൊണ്ടൊന്നു നോവല്ലെന്നു

കരളുരുകുമ്പോഴും കേണിടുന്ന
അമ്മതന്‍ ഹൃത്തിലെ നൊമ്പരത്തെ
ആരറിയുന്നു ഈ പാരിടത്തില്‍ ?