അന്നൊരു സന്ധ്യയിൽ
"അല്ലാ ഇതാര് ? നീ പരിയേടത്തെ മാധവന്റെ മോനല്ലേ ? നീ എന്നാ നാട്ടിൽ വന്നത്" ? അമ്പലപ്പറമ്പിൽ അരയാൽ തറയിൽ പതിവില്ലാതെ ഇരിക്കുന്ന ആളോട് ആരാഞ്ഞു കൊണ്ട് കുഞ്ഞുണ്ണിയാർ തറയിലെക്ക് കേറി ഇരിപ്പ് ഉറപ്പിച്ചു ." മോനെ.... നിന്നെ കണ്ടിട്ടു കാലം കുറെ ആയി ... മുൻപ് കണ്ട ഒരു ഓർമ്മക്ക് ചോദിച്ചതാ ...എനിക്ക് തെറ്റിയില്ലല്ലോ ? "
"തെറ്റിയില്ലാന്നു അങ്ങട് കൂട്ടി കൊള്ളൂ " ചുണ്ടിൽ നിറഞ്ഞ പുഞ്ചിരിയോടെ ചെറുപ്പക്കാരൻ പറഞ്ഞു .
"ഹോ ആശ്വാസായി .പ്രായമായില്ലേ ...കണ്ണും പിടിക്കുന്നില്ല ..ഓർമയും ശെരിയല്ല ...ഒരു ഊഹം വെച്ച് അങ്ങട് പറയന്നെ"...പിന്നെ എനിക്ക് ദിവസവും സന്ധ്യയാവുമ്പോൾ ഈ തറയിൽ വന്നിരിക്കുന്ന ഒരു പതിവുണ്ട് .കൊറച്ചു ദിവസായിട്ട് ഇവിടെ പതിവുകാരൊന്നും വരുന്നില്ല .കൂട്ടം കൂടി ഇരുന്നാൽ പകരണ സൂക്കേട് വന്നേ പിന്നെ അമ്പലത്തിലും ആളില്ല ,ആൽത്തറയിലും ആളില്ല " അയാളുടെ വാക്കുകൾ കേട്ട് ചെറുപ്പക്കാരൻ പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി .
കുറച്ചു നാളുകൾക്കു ശേഷം സംസാരിക്കാൻ ഒരാളെ കിട്ടിയെന്ന സന്തോഷത്തിൽ കുഞ്ഞുണ്ണിയാർ വാർത്താനകെട്ടഴിച്ചു ." "എന്താണെന്നു അറിയില്ല എല്ലാ ദിവസവും സന്ധ്യക്ക് ഈ തറയിൽ ആലിന്റെ കുളിർകാറ്റും കൊണ്ട് ഇരുന്നാൽ വല്ലാത്തൊരു സുഖമാണ് .ഭഗവാൻ നേരിട്ടു വന്നു സ്നേഹത്തോടെ തലോടുന്ന പോലെ തോന്നും"
"എനിക്കും വല്യ ഇഷ്ടമാണ് ...ഈ തറയിൽ ഈ കുളിർകാറ്റും കൊണ്ടിരിക്കാൻ ..പക്ഷെ സാധിക്കാറില്ല "ചെറുപ്പക്കാരൻ മൊഴിഞ്ഞു .
" അതിനു മോൻ അന്യ നാട്ടിൽ അല്ലെ ? എങ്ങിനെ പറ്റാന? അല്ല മോനെ പുറത്തുന്നു വരുന്ന ആളുകളാണ് ഈ രോഗം കൊണ്ട് വരുന്നേ എന്ന് പറഞ്ഞു കേട്ടല്ലോ ശെരിയാണോ ?...നിനക്ക് അങ്ങിനെ വല്ലതും ?"
"എന്താ അമ്മാവന് പേടിയുണ്ടോ ?" അയാൾ കുഞ്ഞുണ്ണിയാരുടെ അടുത്തേക്ക് നീങ്ങി ഇരുന്നുകൊണ്ട് ചോദിച്ചു ."
"ഏയ് എന്തിനു ? എന്റെ കാലമൊക്കെ കഴിഞ്ഞില്ലേ മോനെ ..ഇനി രോഗം വന്നാലെന്തു ..വന്നില്ലെങ്കിൽ എന്ത് ...ഞാൻ മോളിലേക്ക് പോകാറായില്ലേ ?"പല്ലില്ലാ മോണ കാണിച്ചു കുഞ്ഞുണ്ണിയാർ ചിരിച്ചു .
" എങ്ങോട്ടാ ആലിന്റെ മോളിലേക്കോ ?"അയാൾ ചോദിച്ചു .
" ങേ ആള് രസികൻ ആണല്ലോ ? കുഞ്ഞുണ്ണിയാർ അയാളുടെ തോളിൽ സ്നേഹത്തോടെ തട്ടി ഉറക്കെ ചിരിച്ചു .
" ആഹാ നല്ല ചിരി ...മനസ് തുറന്നുള്ള ചിരി തന്നെ ...ഇതുപോലെ ചിരിക്കാൻ നിങ്ങളെപോലുള്ളവർക്ക് മാത്രമേ കഴിയൂ ...എന്നെ പോലുള്ളവർ ചിരികുന്നതേ യന്ത്രികമായിട്ടാണ് .ഏതു നേരവും ഓരോ പ്രശ്നങ്ങൾ ..കേട്ടും കണ്ടും മനസും ശരീരവും മരവിച്ചു . ഹും..എന്ത് പറയാൻ ഇപ്പോൾ തന്നെ കണ്ടില്ലേ എത്ര കാലം കൂടിയിട്ടാണ് ഇവിടെ ഒന്ന് മനഃസമാധാനത്തോട് കൂടി ഇരിക്കാൻ പറ്റിയത് "
." അതന്നെ ...നമ്മടെ ഭഗവാന്റെ പോലെ അല്ലെ ? രാവിലെയും വൈകുന്നേരവും മൂപ്പർക്ക് ഒരു സോയ്‌ര്യം ഉണ്ടോ ...കുറച്ചുസായിട്ട് അതിനൊരു സമാധാനം ഉണ്ടായിട്ടുണ്ട് .കുറെ ഒക്കെ കേട്ടിട്ട് അവിടെയും മടുപ്പു വന്നു കാണുമല്ലേ ..."?
"അതെ അതെ "ചെറുപ്പക്കാരൻ കാരണവരെ പിന്താങ്ങി .
" അയ്യോ നമ്മൾ കഥ പറഞ്ഞിരുന്നു നേരം പോയത് അറിഞ്ഞില്ല ...കുറച്ചു പച്ചക്കറി വാങ്ങണം ..കടയടച്ചാൽ അതും കിട്ടില്ല .മോൻ പോരുന്നോ ?"
" ഇല്ല..അമ്മാവൻ നടന്നോളു ...ഞാൻ അലപം നേരം കൂടി ഇവിടെ ഇരിക്കട്ടെ"
" വല്ല്യ സന്തോഷം ...മോനെ കണ്ടതിനു ശേഷം മനസില് പതിവില്ലാത്തൊരു സന്തോഷം തോന്നുന്നു ..." യാത്രപറഞ്ഞു നീങ്ങിയ കാരണവരെ നോക്കി അയാൾ തലയാട്ടി .
അടുത്ത കവലയിലെ പച്ചക്കറികടയിലേക്കു കേറുമ്പോൾ എതിരെ വന്ന മാധവൻ നായരെ കണ്ടു കുഞ്ഞുണ്ണിയാർ അതിയായ സന്തോഷത്തോടെ പറഞ്ഞു " ഞാൻ ഇപ്പൊ മകനെ കണ്ടു സംസാരിച്ചതെ ഉള്ളു ..കാലം കുറെ ആയല്ലോ അന്യ നാട്ടിലുള്ള അവനെ കണ്ടിട്ട് "
" എന്റെ മകനോ ? ഈ ത്രിസന്ധ്യ നേരത്തു താനെന്തു മണ്ടത്തരമാണെടോ പറയുന്നേ ? അവൻ കഴിഞ്ഞ അവധിക്കാലത്തു വന്നു പോയതല്ലേ ? ഇടക്കൊന്നു വരാനായിട്ട് അവനോടു പറഞ്ഞിട്ട് ഓരോ തിരക്ക് പറഞ്ഞു ഒഴിഞ്ഞു ..ഇപ്പോ വരേണ്ട സമയത്തു ആണെങ്കിൽ ഒരു ഒടുക്കത്തെ അസുഖവും ...എന്താ ചെയ്യാ ..ഭഗവാനെ നീ തന്നെ തുണ "
" എന്തായി പറയണേ ? ഈ നേരം വരെ ആൽത്തറയിൽ ഇരുന്നു വർത്താനം പറഞ്ഞിട്ട്...?"നമ്മടെ ഭഗവാൻ തന്നെ സത്യം .അത് നിങ്ങടെ മകൻ തന്നെ ..ആ തറയിൽ ഇപ്പോഴും ഇരുക്കുന്നുണ്ടന്നെ "
മാധവൻ നായർ ആശ്ചര്യത്തോടെ അയാളുടെ മുഖത്തേക്ക് നോക്കി .
" ഇല്ല നായരെ ...എന്റെ മോൻ അങ്ങ് ദൂരെ അല്ലെ ഇന്ന് കാലത്തും കൂടി ഫോണിൽ വർത്താനം പറഞ്ഞതല്ലേ "
"വല്യ അതിശയമായിരിക്കുന്നല്ലോ ..ഒന്ന് ഇങ്ങോട് വരൂ നമുക്ക് അവിടം വരെ ചെന്ന് നോക്കാം" കുഞ്ഞുണ്ണിയാർ നിർബന്ധിച്ചപ്പോൾ നിവർത്തിയില്ലാതെ മാധവൻ നായർ അയാൾക്കൊപ്പം നടന്നു .ഏന്തി വലിഞ്ഞു നടന്നെത്തിയ രണ്ടുപേരും അമ്പലത്തിന്റെ പൂട്ടിയിട്ട ഗേറ്റിനു മുന്നിൽ നിന്ന് എത്തി നോക്കി ." കണ്ടോ തിരുമേനിയും കൂടി ഗേറ്റ് പൂട്ടി പോയി. ...മാധവൻ നായർ അയാളെ ചെറുതായൊന്നു കുറ്റപ്പെടുത്തി .
" എന്നാലും ഇതൊരു വല്ലാത്തൊരു മായയായിപോയി...അപ്പോ ഞാൻ സംസാരിച്ചു ഇരുന്നതൊക്കെ ?കുഞ്ഞുണ്ണിയാർ മൂക്കിൽ വിരൽ വെച്ച് നിന്നു.
" എന്റെ നായരെ നിങ്ങൾക്കിത്ര വെളിവില്ലാതെ ആയോ ? ആരെയോ കണ്ടു എന്റെ മോൻ ആണെന്നൊക്കെ തോന്നിയെന്ന് പറഞ്ഞാൽ ..."
"എന്താ രണ്ടു കാരണവന്മാരും കൂടി ...ഇവിടെ ഒരു ചുറ്റിക്കളി ...വീട്ടിൽ പോവാൻ നോക്ക് " പുറകിൽ വന്നു നിന്ന പോലീസുകാരന്റെ ചോദ്യം കേട്ട് രണ്ടു പേരും ധൃതിയിൽ വീട്ടിലേക്കു നടന്നു .അന്യോന്യം തർക്കിച്ചു കൊണ്ട് നടന്നു പോയ അവർ , ....കുളിർക്കാറ്റിൽ അരയാൽ ഇലകൾ പതിവില്ലാതെ ഇളകി ആടിയതും ....ശ്രീകോവിലിന്റെ നടവാതിൽ തനിയെ തുറന്നടഞ്ഞതും അറിഞ്ഞില്ല . .
This comment has been removed by the author.
ReplyDeleteNice
ReplyDeletethank u
Deletethank u
ReplyDelete